പുതുപ്പള്ളി ആര്‍ക്കൊപ്പം? ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

കോട്ടയം: പുതുപ്പള്ളിയില്‍ ആര് വിജയിക്കും. അഭിപ്രായ സര്‍വ്വെകളും എക്സിറ്റ് പോളുകളും പ്രവചിച്ച പോലെ ഉമ്മന്‍ചാണ്ടിയുടെ മകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ വിജയിക്കുമോ? ഭൂരിപക്ഷം പതിനായിരമോ, ഇരുപത്തി അയ്യായിരമോ, ദി ഫോര്‍ത്തിന്റെ സര്‍വ്വെ പ്രവചിച്ച പോലെ അറുപതിനായിരത്തിന് മുകളിലേക്ക് ഉയരുമോ? ആകാംഷയോടെ രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്. അതേസമയം പുതുപ്പള്ളിയില്‍ ഇത്തവണ അട്ടിമറി ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. ജയ്കി സി തോമസിന് നേരിയ ഭൂരിപക്ഷത്തില്‍ വിജയം അവകാശപ്പെടുകയാണ് എല്‍.ഡി.എഫ്. പതിനായിരത്തിന് മുകളിലെങ്കിലും വോട്ട് പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഏതായാലും കോട്ടയം ബസേലിയസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച പുതുപ്പള്ളിയിലെ ജനഹിതം രാവിലെ എട്ടി മണിയോടെ പുറത്തുവരും.

ഉമ്മന്‍ചാണ്ടി അന്തരിച്ച സാഹചര്യത്തില്‍ നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിലുള്ള ഡ്രസ് റിഹേഴ്സല്‍ എന്ന നിലക്ക് തന്നെയാണ് രാഷ്ട്രീയ പാര്‍ടികള്‍ കരുതുന്നത്. ആ നിലക്ക് തന്നെയായിരുന്നു യുഡിഎഫും എല്‍.ഡി.എഫുമൊക്കെ നടത്തിയ പ്രചരണം. അതേസമയം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വിജയിക്കണമെങ്കില്‍ ബിജെപിയുടെ വോട്ട് വാങ്ങണമെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. എന്നുവെച്ചാല്‍ ഒരുപക്ഷെ, സിപിഎം ഉയര്‍ത്താന്‍ പോകുന്ന രാഷ്ട്രീയ ആക്രമണത്തിന്റെ സൂചന തന്നെ എം.വി.ഗോവിന്ദന്‍ നല്‍കുന്നത്.

ചാണ്ടി ഉമ്മന് എത്ര ഭൂരിപക്ഷം കൂടുമെന്ന് ആകാംക്ഷ മാത്രമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുള്ളത്. 2021 തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 63,372 വോട്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്കിന് 54,328 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് 11,694 വോട്ടും ലഭിച്ചു. 9,044 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് കേന്ദ്രങ്ങളുടെ അടക്കം വിശ്വാസം ഇത്തവണ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 കടക്കുമെന്നാണ്.

2021 തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം കുറവായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. 2021ലെ വോട്ടിങ് ശതമാനം 74.84 ആയിരുന്നു. എന്നാല്‍, ഇത്തവണ 72.86 ആണ് ഉപതെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ടിങ് ശതമാനം. 80 വയസ് പിന്നിട്ടവരുടെയും ഭിന്നശേഷിക്കാരുടെയും ഉള്‍പ്പെടെ തപാല്‍ വോട്ടുകള്‍ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. 1,76,417 വോട്ടര്‍മാരില്‍ 1,28,535 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പുരുഷന്‍മാര്‍ 64,078, സ്ത്രീകള്‍ 65,455, ട്രാന്‍സ്‌ജെന്‍ഡര്‍ 2 എന്നിങ്ങനെയാണ് കണക്ക്.

വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ 20 മേശകളിലായി 182 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇതില്‍ 14 മേശകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍നിന്നുള്ള ജനവിധി എണ്ണുന്നത്. ബാക്കിയുള്ളതില്‍ അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒന്നില്‍ സര്‍വീസ് വോട്ടുകളും എണ്ണും.

വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ 13 റൗണ്ടുകളായാണ് 14 മേശകളിലേക്ക് എണ്ണാനായി എത്തുക. വോട്ടെണ്ണല്‍ നിയന്ത്രിക്കാനായി 74 ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. പോലീസിന്റെ കനത്ത സുരക്ഷയിലാണ് ബസേലിയസ് കോളേജ്.

ചാണ്ടി ഉമ്മനെയും ജെയ്ക് സി തോമസിനെയും കൂടാതെ എന്‍ഡിഎയ്ക്കു വേണ്ടി ലിജിന്‍ ലാലും ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ലൂക്ക് തോമസും മത്സരംഗത്തുണ്ട്.

Only hours left for the counting of votes in Puthupally

More Stories from this section

family-dental
witywide