
ന്യൂഡല്‍ഹി: യുദ്ധത്തില്‍ തകര്‍ന്ന ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ അജയ്’ യുടെ ഭാഗമായി 274 ഇന്ത്യന്‍ പൗരന്മാരുമായി നാലാം വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ വിമാനമാണിത്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്.
‘ഓപ്പറേഷന്‍ അജയ്’ ആരംഭിച്ചതിന് ശേഷം ഇസ്രായേലില്‍ നിന്ന് പുറപ്പെടുന്ന നാലാമത്തെയും ഒരു ദിവസത്തെ രണ്ടാമത്തെയും വിമാനമാണിത്. ഇതിന് മുമ്പ്, 197 ഇന്ത്യന്‍ പൗരന്മാരുള്ള മൂന്നാമത്തെ ബാച്ചുമായി ഒരു വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു.
ഇസ്രായേലില്‍ നിന്ന് പുറപ്പെടുന്ന നാലാമത്തെ വിമാനത്തെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ടെല്‍ അവീവില്‍ നിന്ന് 274 യാത്രക്കാരുമായി ദിവസത്തിലെ രണ്ടാമത്തെ വിമാനം പുറപ്പെടുന്നുവെന്നായിരുന്നു ട്വീറ്റ്.