
ന്യൂഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഇസ്രയേല്‍ പലസ്തീന്‍ മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഓപറേഷന്‍ അജയ്’യുടെ നടപടികള്‍ ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നത്.
ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യമാണ് ഓപ്പറേഷന്‍ അജയ്. ഇതിനായി ആദ്യ ഘട്ടത്തില്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളായിരിക്കും അയക്കുക. ആവശ്യമെങ്കില്‍ നാവികസേനയുടെ കപ്പലുകളും അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ക്കായി രജിസ്റ്റര്‍ചെയ്തവരെ ഇ-മെയില്‍ മുഖേന വിവരങ്ങളറിയിക്കുന്നുണ്ട്.
രോഗികളേയും പ്രായമായവരേയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സാണ് ഇസ്രയേലിലുള്ള ഇന്ത്യക്കാരിൽ കൂടുതലും. ഓപ്പറേഷൻ അജയിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസിയെ സഹായിക്കാൻ ഇസ്രയേൽ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മിഡ് വെസ്റ്റ് ഇന്ത്യയുടെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി അറിയിച്ചിരുന്നു. പലസ്തീനില്‍ 17 ഇന്ത്യക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പരിചരണ മേഖലയില്‍ ജോലി ചെയ്യുന്നവരും വ്യവസായികളും ഉള്‍പ്പെടുന്നു. പലസ്തീനിലെ ഇന്ത്യയ്ക്കാര്‍ക്ക് ബന്ധപ്പെടാനായി ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പങ്കിട്ടിട്ടുണ്ടെന്ന് പലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി റാമല്ല അറിയിച്ചിരുന്നു.