ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്ന് 235 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി, 16 മലയാളികൾ

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഡല്‍ഹി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്.

ഇതിൽ 16 മലയാളികൾ രണ്ടാം വിമാനത്തിൽ ഉണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഡല്‍ഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്.

ഇസ്രയേലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ ആദ്യ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്. പുലർച്ചെ ആറു മണിയോടെയാണ് വിമാനം എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽ നിന്നു വിമാനം പുറപ്പെട്ടത്.