ഓപ്പറേഷന്‍ താമരയെ അട്ടിമറിക്കാന്‍ ഹസ്ത, കര്‍ണാടകയില്‍ പുതുതന്ത്രവുമായി കോണ്‍ഗ്രസ്

ബെംഗലൂരു: 2024 ലോകസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഓപ്പറേഷന്‍ ഹസ്ത എന്ന പുതിയ തന്ത്രവുമായി കര്‍ണാടക കോണ്‍ഗ്രസ്. ഒപ്പറേഷന്‍ താമര എന്ന പേരില്‍ ബിജെപി നടപ്പാക്കുന്ന തന്ത്രത്തെ വെട്ടാനാണ് പുതിയ പദ്ധതി. മുതിര്‍ന്ന ബിജെപി നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാനാണ് ഈ നീക്കം. ബിജെപി മുന്‍ മന്ത്രിമാരായ എസ്. ടി. സോമശേഖര്‍, എം.ടി.ബി. നാഗരാജ് എന്നിവര്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പറേഷന്‍ താമര വഴി ബിജെപിയിലേക്ക് പോയവരാണ് ഇരുവരും. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ മുതിര്‍ന്ന നേതാവ് എച്ച്. വിശ്വനാഥ് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ അന്നുമുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.