
ന്യൂഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഇസ്രയേല്‍ പലസ്തീന്‍ മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഓപറേഷന്‍ അജയ്’യുടെ നടപടികള്‍ ആരംഭിച്ചു. ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. 230 ഇന്ത്യക്കാരുമായി വിമാനം നാളെ 6 മണിയോടെ ഡല്‍ഹിയില്‍ തിരികെ എത്തും. ഇന്നു രാത്രി 12 മണിയോടെ ഇസ്രയേലില്‍ നിന്ന് തിരിക്കും. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയായിരിക്കും ആദ്യം എത്തിക്കുക എന്ന് കരുതുന്നു.തിരികെ എത്താനായി 3500 പേര്‍ ഇന്ത്യൻ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരികെ എത്തുന്ന മലയാളികള്‍ക്കായി കേരളഹൗസില്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ മലയാളി കെയര്‍ഗിവര്‍ ഷീജയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യമാണ് ഓപറേഷന്‍ അജയ്. ഇതിനായി പ്രാഥമിക ഘട്ടത്തില്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളായിരിക്കും അയക്കുക. ആവശ്യമായി വന്നാല്‍ നേവിയുടെ കപ്പലുകളും അയക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് ഇമെയില്‍ മുഖേന സന്ദേശമയച്ചതായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു.
18,000 ഇന്ത്യയ്ക്കാരാണ് നിലവില്‍ ഇസ്രയേലിലുള്ളത്. രോഗികളേയും പ്രായമായവരേയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സാണ് ഇവരില്‍ കൂടുതലും. ആയിരത്തോളം വിദ്യാര്‍ഥികളും നിരവധി ഐടി ഉദ്യോഗാര്‍ഥികളും വജ്ര വ്യാപാരികളും ഇതില്‍ ഉള്‍പ്പെടുന്നു. ഓപ്പറേഷൻ അജയിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസിയെ സഹായിക്കാൻ ഇസ്രയേൽ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മിഡ് വെസ്റ്റ് ഇന്ത്യയുടെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി അറിയിച്ചിരുന്നു.പലസ്തീനില്‍ 17 ഇന്ത്യക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പരിചരണ മേഖലയില്‍ ജോലി ചെയ്യുന്നവരും വ്യവസായികളും ഉള്‍പ്പെടുന്നു. പലസ്തീനിലെ ഇന്ത്യയ്ക്കാര്‍ക്ക് ബന്ധപ്പെടാനായി ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പങ്കിട്ടിട്ടുണ്ടെന്ന് പലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി റാമല്ല അറിയിച്ചിരുന്നു.