
ന്യൂഡൽഹി: സർക്കാർ പിന്തുണയോടെ ഹാക്കര്‍മാര്‍ പ്രതിപക്ഷ എം.പിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഐ- ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിള്‍ വിശദീകരിക്കുന്നു. നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിള്‍ തള്ളിക്കളയുന്നില്ല.
അറ്റാക്കര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി.
“ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ വലിയ സാമ്പത്തിക സഹായം ലഭിക്കുന്നവരും സങ്കീര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. അവര്‍ സമായമസയങ്ങളില്‍ ആക്രമണ രീതികള്‍ മാറ്റിക്കൊണ്ടിരിക്കും. അപൂര്‍ണ്ണവും തികവില്ലാത്തതുമായ ഇന്റലിജന്‍സ് സിഗ്നലുകളില്‍നിന്നാണ് ഇത്തരം അറ്റാക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ചില മുന്നറിയിപ്പുകള്‍ തെറ്റാവാനും ചില ആക്രമണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യാം,” ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നു.














