
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹാനയുടെ മരണത്തിനു പിന്നില്‍ സുഹൃത്ത് വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിന്റെ മാനസിക പ്രയാസമാണെന്ന് ആരോപണം. സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം ഷഹാനയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’- എന്ന് എഴുതിവച്ചാണ് ഷഹാന ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് 26കാരിയായ ഷഹന.