ഹിമാചലിൽ ദുരിതപ്പെയ്ത്ത്; മരണം 60, വീടുകൾ ഒലിച്ചു പോയി

ഷിംല: കനത്ത മഴയും പേമാരിയും തുടരുന്ന ഹിമാചൽ പ്രദേശിൽ മരണം 60 ആയി. ദിവസങ്ങളായി തുടരുന്ന മഴയിൽ വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചു പോകുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു.

അടുത്ത രണ്ട് ദിവസങ്ങളിൽ ഹിമാചൽ പ്രദേശിലും അടുത്ത 4-5 ദിവസങ്ങളിൽ ഉത്തരാഖണ്ഡിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ടതും എന്നാൽ കനത്തതുമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

ഗൗരികുണ്ഡിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മന്ദാകിനി നദിയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുനിസിപ്പൽ കോർപറേഷൻ ഹൗസ് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ പത്തുപേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂമിയിൽ വിള്ളലുകൾ രൂപപ്പെട്ടതിനാൽ ആളുകളെ നേരത്തെ തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു. മണ്ണിടിച്ചിലിൽ കുടുങ്ങിയെന്നു സംശയിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയെത്തുടർന്ന് ഡൽഹിയിലെ യമുന നദിയിലെ ജലനിരപ്പ് ഈ വർഷം രണ്ടാം തവണയും അപകടനിലയ്ക്ക് മുകളിൽ ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി നദിയുടെ സമീപപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയാണ് ഉയർന്ന ജലനിരപ്പിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 207 അടി ജലനിരപ്പിലേക്ക് ഇത്തവണയെത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഹിമാചലിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും യമുനയിലെ ജലനിരപ്പിനെ ബാധിക്കാനിടയുള്ളതിനാൽ പ്രദേശവാസികൾക്ക് സർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നേരിയ തോതിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെങ്കിലും നിലവിൽ സാഹചര്യം നിയന്ത്രണത്തിലാണ് എന്നാണ് റിപ്പോർട്ട്.