‘വ്യവസായം തുടങ്ങുമ്പോള്‍ വാര്‍ത്തയാകില്ല, അടച്ചുപൂട്ടുമ്പോഴും പ്രശ്‌നങ്ങളുണ്ടാകുമ്പോഴും അത് പ്രധാന വാര്‍ത്തയാകും’; വിമര്‍ശിച്ച് മന്ത്രി പി രാജീവ്

കൊച്ചി: വ്യവസായം തുടങ്ങുമ്പോള്‍ ഒന്നും വാര്‍ത്തയാകാത്തതും അടച്ചുപൂട്ടുമ്പോള്‍ വാര്‍ത്തയാകുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് മന്ത്രി പി.രാജീവ്. വ്യവസായമേഖലയിലെ വലിയ മുന്നേറ്റങ്ങള്‍ കൊടുത്തോ എന്നു ചോദിച്ചാല്‍ കൊടുക്കുന്നു എന്ന മട്ടില്‍ വാണിജ്യ വാര്‍ത്ത മാത്രമായിരിക്കും. എന്നാല്‍
വ്യവസായശാലകളില്‍ എന്തെങ്കിലും മൈക്രോ പ്രശ്‌നങ്ങളുണ്ടായാല്‍ അതു ജനറല്‍ വാര്‍ത്തയാകും. ചിലത് ലീഡായിരിക്കുമെന്നും മന്ത്രി വിമര്‍ശിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദശാബ്ദങ്ങളോളം നീണ്ട പ്രചരണമാണ് കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി കേരള വിരുദ്ധ കേന്ദ്രങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി നേരത്തേ സോഷ്യല്‍മീഡിയയിലും കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ വ്യവസായമേഖലയിലെ സുപ്രധാന നേട്ടങ്ങള്‍ പലതും മറച്ചുവെക്കപ്പെട്ടു. ഈ നേട്ടങ്ങള്‍ നിരവധിയാവര്‍ത്തി ജനങ്ങളോട് പറഞ്ഞാല്‍ മാത്രമേ അവര്‍ക്കുള്ളില്‍ വേരിറങ്ങിപ്പോയ വ്യാജനിര്‍മ്മിതി ഇല്ലാതാകുകയുള്ളൂ. ഇപ്പോഴും കേരളത്തിലെന്താണുള്ളത് എന്ന് ചോദിക്കുന്നവര്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍, കേരളം പല വ്യവസായങ്ങളുടെയും കേന്ദ്രമാണെന്ന് നമുക്ക് അവരെ ഓര്‍മ്മിപ്പിക്കാം എന്നും മന്ത്രി കുറിച്ചു.

മന്ത്രി പി രാജീവിന്റെ വാക്കുകള്‍:

”കേരളത്തില്‍ മാത്രമുള്ള പ്രത്യേകതയാണ്, വ്യവസായം തുടങ്ങുമ്പോള്‍ ഒന്നും വാര്‍ത്തയാകില്ല. അടച്ചുപൂട്ടുന്നതെല്ലാം വാര്‍ത്തയായിരിക്കും. വ്യവസായമേഖലയിലെ വലിയ മുന്നേറ്റങ്ങള്‍ കൊടുത്തോ എന്നു ചോദിച്ചാല്‍ കൊടുക്കുന്നു എന്ന മട്ടില്‍ വാണിജ്യ വാര്‍ത്ത മാത്രമായിരിക്കും. വ്യവസായശാലകളില്‍ എന്തെങ്കിലും മൈക്രോ പ്രശ്‌നങ്ങളുണ്ടായാല്‍ അതു ജനറല്‍ വാര്‍ത്തയാകും. ചിലത് ലീഡായിരിക്കും ചിലത് ഡിബേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയവുമായിരിക്കും. മാധ്യമങ്ങളുടെ ഈ സമീപനത്തില്‍ പോസിറ്റീവായ ഒരു മാറ്റം കൂടി പ്രതീക്ഷിച്ചിട്ടാണ് ഞങ്ങള്‍ ഇത്തരം അവാര്‍ഡുകള്‍ നല്‍കുന്നത്.

കേരളത്തിലെ വ്യവസായ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മറ്റു ഭാഷയിലെ മാധ്യമങ്ങളില്‍ പോസിറ്റീവായ വാര്‍ത്തകള്‍ വരുന്നുണ്ട്. ഐബിഎം കൊച്ചിയില്‍ ഒരു കൊല്ലം പൂര്‍ത്തിയാക്കുമ്പോഴേക്കും 1,700 പേരെയാണ് റിക്രൂട്ട് ചെയ്തത്. അങ്ങനെയുള്ള കാര്യങ്ങള്‍ കാണുന്നില്ല. ഒരാള്‍ റിസോര്‍ട്ടില്‍ പോയി മുറിയെടുത്ത് ചീട്ടുകളിച്ച് പിടിച്ചോ? ഇതൊക്കെയാണ് ചോദ്യം. ആദ്യ ചോദ്യമാകുമ്പോള്‍ നമ്മുടെ മൈന്‍ഡ് സെറ്റില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മറ്റു ചോദ്യങ്ങളൊക്കെ കഴിഞ്ഞിട്ടു കാത്തിരിക്കുന്ന സന്ദര്‍ഭമുണ്ടാകുമല്ലോ? അപ്പോഴാകണം ഇതിലേക്കു കടക്കാന്‍’

More Stories from this section

family-dental
witywide