കറാച്ചി: പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രിയും ഇമ്രാൻ ഖാന്റെ വിശ്വസ്തനുമായ ഷാ മഹ്മൂദ് ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുതിരഞ്ഞെടുപ്പു വൈകിയാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്‌ലാമാബാദിലെ വസതിയിൽ വൻ പൊലീസ് സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്.
ഖുറേഷിയെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) ഓഫിസിലേക്കു കൊണ്ടുപോയി. ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ (പിടിഐ) വൈസ് ചെയർമാനാണ്.
യുഎസിലെ പാക്ക് എംബസിയിൽ നിന്നുള്ള രഹസ്യസന്ദേശം പരസ്യമാക്കിയതിന്റെ പേരിൽ ഇമ്രാൻ ഖാനെതിരെ കഴിഞ്ഞ ദിവസം എഫ്ഐഎ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണു സൂചന.