തോഷാഖാന അഴിമതിക്കേസ്: ഇമ്രാന്‍ ഖാന്‌ മൂന്ന് വര്‍ഷം തടവുശിക്ഷ; മത്സരിക്കുന്നതിനും വിലക്ക്‌

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ച കോടതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാന്‍ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്ന് സൂചന.

അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ ഹാജരായില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി ഉത്തരവിടുകയായിരുന്നു.

പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും ആതിഥേയരിൽ നിന്നും 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ കോടതിയുടെതാണ് വിധി.

മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. പാക്കിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ ഇമ്രാൻ ഖാന് മത്സരിക്കാനാകില്ല.

More Stories from this section

family-dental
witywide