
പാലക്കാട്: പാലക്കാട് ചിറ്റൂരിനെ കണ്ണീരിലാഴ്ത്തിയാണ് കശ്മീരിലെ സോജില പാസില്‍ നിന്നുള്ള കാര്‍ അപകടത്തിന്റെ വാര്‍ത്ത എത്തിയത്. പാലക്കാട് നിന്ന് വിനോദയാത്രയ്ക്ക് പോയ പതിമൂന്നു പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഇവരില്‍ നാല് പേര്‍ മരിച്ചു. 13 പേര്‍ ഒന്നിച്ചു പുറപ്പെട്ട യാത്രയില്‍ ഇനി നാലു പേര്‍ ഇല്ല. പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളും അയല്‍ക്കാരുമാണ് ഇവര്‍. മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി.
നിര്‍മാണത്തൊഴിലാളിയാണ് മരിച്ച അനില്‍. സൗമ്യയാണ് ഭാര്യ. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുല്‍. ഭാര്യ നീതു. സര്‍വേ ജോലി ചെയ്യുന്നയാളാണു സുധീഷ്. ഭാര്യ മാലിനി. കടയിലെ ജീവനക്കാരനാണു വിഘ്‌നേഷ്. മൃതദേഹങ്ങള്‍ വൈകാതെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്.
കുറി നടത്തി കിട്ടിയ പണവുമായാണ് സുഹൃത്തുക്കള്‍ ചിറ്റൂരില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. നവംബര്‍ 30ന് ട്രെയിനിലാണ് കാശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച സംഘം ഡിസംബര്‍ പത്തിനു തിരിച്ചു വരാനിരിക്കെയാണു അപ്രതീക്ഷിത ദുരന്തമുണ്ടായത്.











