
ജെറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ യുദ്ധം മൂന്നുദിവസമായപ്പോള്‍ മരണം 1500 കടന്നു. പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് മഹമൂദ് അബ്ബാസിന്റെ റഷ്യന്‍ സന്ദര്‍ശനം.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചിരുന്നത്. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് യുഎന്‍ രക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, റഷ്യ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പലസ്തീന് റഷ്യ പരോക്ഷ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മഹമൂദ് അബ്ബാസിയുടെ റഷ്യന്‍ സന്ദര്‍ശനം.
മഹമൂദ് അബ്ബാസ് മോസ്‌കോയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന വിവരം പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്‍ ഹഫീസ് നോഫലിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞദിവസം പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചിരുന്നു. പലസ്തീന്‍ ജനതയുടെ മാന്യമായ ജീവിതത്തിനും, ശാശ്വതമായ സമാധാനത്തിനും ഗള്‍ഫ് രാജ്യം ഒപ്പമുണ്ടാകുമെന്ന് സൗദി കിരീടാവകാശി മഹമൂദ് അബ്ബാസിനെ അറിയിച്ചിരുന്നു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 700ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ മൂവായിരത്തിലേറെയാണ്. മതിയായ ആരോഗ്യ സേവനങ്ങളോ മരുന്നോ ആശുപത്രികളില്‍ ഇല്ലാതെ ദുരിതത്തിലാണ് സാധാരണ ജനം. 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ഗാസ. അവിടേക്ക് ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ജനം നരക സമാന ജീവിതമാണ് നയിക്കുന്നത്. ഇസ്രയേലിലും ഇപ്പോഴും സായുധ പോരാളികള്‍ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുന്നുണ്ട്. 800 ഇസ്രയേലികള്‍ മരിച്ചെന്ന കണക്കുകളാണ് പുറത്തുവരുന്നത്.















