പലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യവുമായി IFFK; നാനാ പടേക്കര്‍ മുഖ്യാതിഥി

തിരുവനന്തപുരം: കേരളരാജ്യാന്തര ചലച്ചിത്ര മേളയുടെ 28-ാമത് പതിപ്പിന് നാളെ തിരിതെളിയുമ്പോള്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ്. ഡിസംബര്‍ എട്ട് വെള്ളിയാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവ് നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും. ഉദ്ഘാടന ചിത്രമായി സുഡാനില്‍ നിന്നുള്ള ഗുഡ് ബൈ ജൂലിയ പ്രദര്‍ശിപ്പിക്കും. മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ച ആദ്യ സുഡാന്‍ ചിത്രമാണ്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു ചിത്രമാണിത്.

കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും. 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും ‘മലയാള സിനിമ ടുഡേ’ വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ നൗ’ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്. 12000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മേളയില്‍ സമ്മാനിക്കും.

പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ കേരളാ ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റ്‌ സ്ക്രീന്‍ സംവിധാനം ഒരുക്കുന്നുണ്ട്. മേളയില്‍ പങ്കെടുക്കുന്ന നിര്‍മാതാക്കള്‍, ക്യുറേറ്റേഴ്സ് എന്നിവരെ ചുരുങ്ങിയ ചിലവില്‍ സൃഷ്ടി പരിചയപ്പെടുത്താന്‍ സംവിധായകര്‍ക്ക് ഇതുപയോഗിക്കാം. 20 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ സംവിധാനമാണിത്.

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പത്തിന് വൈകിട്ട് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. കെ.ജി ജോര്‍ജ്, കെ.പി ശശി, ജനറല്‍ പിക്‌ചേഴ്‌സ് രവി, മാമുക്കോയ, ഇന്നസെന്റ്, സിദ്ദിഖ്, പി.വി ഗംഗാധരന്‍, നിരൂപകന്‍ ഡെറിക് മാല്‍ക്കം എന്നിവര്‍ക്ക് ചടങ്ങില്‍ സ്മരണാഞ്ജലിയര്‍പ്പിക്കും.

More Stories from this section

family-dental
witywide