
ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പലസ്തീന്‍ പ്രസിഡന്‍രിന്റെ വിമര്‍ശനം. പല്സ്തീന്‍ ഔദ്യോഗിക വെബ്സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് പ്രസിഡന്റിനെ ഉദ്ദരിച്ച് ഇക്കാര്യം പറഞ്ഞത്.
അതേസമയം മണിക്കൂറുകള്‍ക്കകം ഔദ്യോഗിക വെബ്സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തി. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധികള്‍’ എന്നാണ് പ്രസ്താവനയില്‍ ആദ്യം നല്‍കിയിരുന്നത്. പിന്നീടിത് തിരുത്തി പിഎല്‍ഒ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കി.
ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രമാണ് പലസ്തീന്‍ അതോറിറ്റി ഭരണം നടത്തുന്നത്. 2007ല്‍ ഹമാസ് ഗാസയില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍, ഹമാസിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാവ് അബ്ബാസ്. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് ഹമാസിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായത്.















