
ഗാസ: ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പലസ്തീൻ കവിയുമായ റഫാത്ത് അലരീർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു. ഇംഗ്ലീഷിൽ കവിതകളെഴുതി തന്റെ നാടിന്റെ വേദനകളെക്കുറിച്ച് പുറംലോകത്തെ അറിയിച്ച കവിയായിരുന്നു റഫാത്ത്.
“എന്റെ ഹൃദയം തകർന്നിരിക്കുന്നു, എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ റഫാത്ത് അലരീർ ഏതാനും മിനിറ്റുകൾക്ക് മുമ്പ് കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടു,” അദ്ദേഹത്തിന്റെ സുഹൃത്ത് ഗസാൻ കവി മൊസാബ് അബു തോഹ ഫേസ്ബുക്കിൽ കുറിച്ചു.
“ഇത് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് സ്ട്രോബെറി പറിക്കാൻ ഇഷ്ടപ്പെട്ടിരുന്നു.”
ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് വ്യാഴാഴ്ച വൈകുന്നേരം ഇസ്രായേൽ കൂടുതൽ റെയ്ഡുകൾ നടത്തിയതായി ഹമാസ് അധികൃതർ അറിയിച്ചു.
പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കൻ ഗാസ വിട്ടുപോകാൻ താൻ വിസമ്മതിച്ചതായി ഒക്ടോബറിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അലരീർ പറഞ്ഞിരുന്നു.
“റഫാത്തിന്റെ കൊലപാതകം ദാരുണവും വേദനാജനകവും അതിരുകടന്നതുമാണ്. ഇത് വലിയ നഷ്ടമാണ്,” അദ്ദേഹത്തിന്റെ സുഹൃത്ത് അഹമ്മദ് അൽനൗഖ് എക്‌സിൽ എഴുതി. ലിറ്റററി ഹബ് വെബ്‌സൈറ്റും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഗാസയിലെ എഴുത്തുകാരെ അവരുടെ അനുഭവ കഥകൾ ഇംഗ്ലീഷിൽ എഴുതാൻ സഹായിക്കുന്ന “വി ആർ നോട്ട് നമ്പേഴ്സ്” പദ്ധതിയുടെ സഹസ്ഥാപകരിൽ ഒരാൾ കൂടിയായിരുന്നു അരീർ. ലൈല അൽ ഹദ്ദാദിനൊപ്പം എഴുതിയ ‘ഗാസ അൺസൈലൻസ്ഡ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച ഈ കൂട്ടായ്മക്ക് കീഴിൽ ഗാസയിലെ യുവ എഴുത്തുകാരുടെ കഥകൾ എഡിറ്റ് ചെയ്ത് ‘ഗാസ റൈറ്റ്സ് ബാക്ക്’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.









