
ഇന്നലെ വെർജീനിയയിലെ ആർലിങ്ടണിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാറൻ്റുമായി എത്തിയ പൊലീസിനു നേരെ ഒരാൾ പല തവണ വെടിയുതിർക്കുകയും പിന്നീട് അയാളുണ്ടായിരുന്ന വീട് സ്ഫോടനത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. വീട്ടിലുണ്ടായിരുന്ന വ്യക്തി കൊല്ലപ്പെടുകയും ചെയ്തു. ജയിംസ് യൂ എന്ന 56 വയസ്സുകാരനാണ് അയാൾ. ഏറ്റവും ഖേദകരമായ കാര്യം ചിത്തഭ്രമത്തിന്റെ പാരമ്യത്തിലായിരുന്നു അയാളെന്നതാണ്. ഡെയ് ലി മെയിൽ റിപ്പോർട്ട് അനുസരിച്ച് അയാളൊരു പാരനോയിക് ആയിരുന്നു. ചുറ്റുമുള്ളവർ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു എന്ന് എപ്പോഴും വിശ്വസിച്ചു. അയൽക്കാരലെല്ലാം ചാരന്മാരാണെന്നും യുഎസ് ഭരണകൂടം തന്നെ കൊല്ലുമെന്നും അയാൾ വിശ്വസിച്ചെന്നു മാത്രമല്ല സോഷ്യൽ മീഡിയവഴി അയാൾ അത് പങ്കുവച്ചുകൊണ്ടുമിരുന്നു. ഒരു വേള ഇയാൾ എഫ്ബിഐയെ ബന്ധപ്പെട്ട് തന്നെ കൊല്ലാൻ ആളുകൾ ഗൂഢാലോചന നടത്തുകയാണെന്നു വരെ അറിയിച്ചിരുന്നു.
ഇയാളുടെ മുൻഭാര്യ ഒരു ദുർമന്ത്രവാദിയാണ് എന്നായിരുന്നു മറ്റൊരു വാദം. തൻ്റെ സഹോദരിയും മുൻഭാര്യയും കൂടോത്രം ചെയ്യുന്നുണ്ടെന്നും ഡിസംബർ ഏഴ് പേൾ ഹാർബർ ആക്രമണ ദിനത്തിൽ താൻ കൊല്ലപ്പെടും എന്നും ഇയാൾ സോഷ്യൽ മീഡിയിയൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അന്യഗ്രഹ ജീവികളും ആത്മാക്കളും പോസ്റ്റുകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഒരു സ്വകാര്യ ടെലികമ്യൂണിക്കേഷൻ കമ്പനിയിലെ ഉന്നത ഉദ്യാഗസ്ഥനായിരുന്നു ഇയാൾ.
ഭാര്യയുമായി കേസ് നടത്തി ഭാര്യയ്ക്ക് വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചിരുന്നു. ഇന്നലെ സ്ഫോടനത്തിൽ തകർന്ന വീട് ഉൾപ്പെടെ ഭാര്യയ്ക്ക് നൽകണമെന്ന് കോടതി വിധിയുള്ളതായിരുന്നു. ഇയാളെ ചികിൽസിക്കാൻ കൊണ്ടുപോയ ആശുപത്രിക്ക് എതിരെ വരെ ഇയാൾ കേസ് കൊടുത്തു.
എന്തുതന്നെയായാലും പൊലീസ് തന്നെ പിടികൂടാനെത്തി എന്ന് ഭയന്നായിരിക്കണം വെടിയുടിർത്തിയത്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പൊലീസ് ആ കഥ പുറത്തുകൊണ്ടു വരുമായിരിക്കും. ഒരു ഗൂഢാലോചനകളുമില്ലാത്ത ലോകത്തേക്ക് യൂ യാത്രയായി.
Paranoid conspiracy theorist who triggered blast at his Virginia home presumed dead















