തിരുവല്ലയിൽ അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു; മകൻ അറസ്റ്റിൽ

തിരുവല്ലയില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന്‍ അറസ്റ്റിൽ. പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെയും വീടിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വർഷങ്ങളായി മാതാപിതാക്കളോടുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്‌‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കൃഷ്ണൻകുട്ടിയും ഭാര്യയും കുടുംബവീട്ടിലാണ് താമസം. ഇവരുടെ മൂത്തമകൻ സുനിൽ വാങ്ങിയ തൊട്ടടുത്തുള്ള വീട്ടിലായിരുന്നു അനിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അനിൽ മുറ്റത്തു നിൽക്കുകയായിരുന്ന കൃഷ്ണൻകുട്ടിയോടും ശാരദയോടും വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കഴുത്തിൽ മുറിവേറ്റ് താഴെ വീണ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഭാര്യ പിണങ്ങിപ്പോകാൻ കാരണം മാതാപിതാക്കളാണെന്നു പറഞ്ഞ് അനിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. 2011 മേയിൽ വിവാഹിതനായ അനിലിന്റെ ദാമ്പത്യം രണ്ടര മാസം മാത്രമാണ് നീണ്ടത്. അനിൽ മാനസിക വൈകല്യത്തിന് നേരത്തേ ചികിത്സ നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. കൃഷ്ണൻകുട്ടി കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു.