പാർലമെന്റ് ഡയറി: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ വാക്കുകൾ നീക്കി

ന്യൂഡൽഹി: എംപി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷം പാർലമെന്റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ലോക്സഭാ രേഖകളിൽ നിന്നും പുറത്താക്കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ രണ്ടാം ദിന ചർച്ചയിൽ രാഹുൽ നടത്തിയ പ്രസംഗത്തിൽ മണിപ്പൂർ വിഷയത്തെ കുറിച്ചു പറയുന്ന ചില ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

പ്രസംഗത്തിൽ ഉടനീളം ബിജെപിയെ കടന്നാക്രമിച്ച രാഹുൽ, ബിജെപി നേതാക്കൾ രാജ്യദ്രോഹികൾ ആണെന്നു പറഞ്ഞിരുന്നു. ഇതിലെ ‘രാജ്യദ്രോഹികൾ’ എന്ന വാക്ക് ഒഴിവാക്കി. അവർ മണിപ്പുരിനേയും ഇന്ത്യയേയും കൊല ചെയ്യുന്നു എന്നതിലെ ‘കൊല’ എന്ന വാക്കും രേഖകളിൽനിന്ന് നീക്കി. പ്രസംഗത്തിൽ പലതവണയായി രാഹുൽ ഇക്കാര്യം ആവർത്തിക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നിന്ന് 24 വാക്കുകൾ ഒഴിവാക്കിയിട്ടുണ്ട്.

കോടീശ്വരനായ വ്യവസായി ഗൗതം അദാനിയെ കുറിച്ച് സംസാരിച്ച ഭാഗത്തിൽ സ്പീക്കർ ഓം പ്രകാശ് ബിർളയെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഈ ഭാഗം രേഖകളിൽ നിന്നും ഒഴിവാക്കി.

“ഞാൻ അദാനിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, നിങ്ങളുടെ മുതിർന്ന നേതാവിന് വിഷമം തോന്നിയിരിക്കണം. അദ്ദേഹത്തിന്റെ വേദന താങ്കളെയും ബാധിച്ചിരിക്കാം.” എന്ന രണ്ട് ഭാഗങ്ങളും ഒഴിവാക്കി.

അതേസമയം, ഇന്ത്യൻ സഖ്യത്തിലെ അംഗങ്ങൾ സംസാരിക്കുമ്പോൾ സൻസാദ് ടിവിയിൽ അത് കാണിക്കുന്നില്ലെന്നും ആ സമയങ്ങളിൽ സ്പീക്കറുടെ കസേര മാത്രമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു. ബിജെപി എംപിമാരും മന്ത്രിമാരും സംസാരിക്കുമ്പോൾ മാത്രമേ ക്യാമറ ഓൺ ചെയ്ത് വയ്ക്കുന്നുള്ളൂവെന്നും ആരോപണത്തിൽ പറയുന്നു.

കോൺഗ്രസിന്റെ രാജ്യസഭാ എംപി ജയറാം രമേഷ്, സൻസദ് ടിവി രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 40 ശതമാനത്തിൽ താഴെ മാത്രമാണ് കാണിച്ചതെന്ന് ട്വീറ്റ് ചെയ്തു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി.

More Stories from this section

family-dental
witywide