വൈവിദ്യങ്ങളുടെ ആഘോഷമായി ചിക്കാഗോ ലോകമത സമ്മേളനം സമാപിച്ചു

ചിക്കാഗോ ∙ പാർലമെന്റ് ഓഫ് ദ് വേൾഡ്സ് റിലീജിയൻസ് സമ്മേളനം ഓഗസ്റ്റ് 14 മുതൽ 18 വരെ ഷിക്കാഗോയിലെ മാക് കോർമിക് കൺവൻഷൻ സെന്ററിൽ നടന്നു. ‘മനുഷ്യാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് മനഃസാക്ഷിയെ വിളിച്ചുണർത്തുക’ എന്നതായിരുന്നു സമ്മേളത്തിന്റെ വിഷയം.

1893 ലെ ആദ്യ ലോക മത സമ്മേളനത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ച സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ പ്രഭാഷണം ഇന്നും ശ്രദ്ധേയമാണ്. ഈ വർഷത്തെ സമ്മേളത്തിൽ നൂറിലേറെ രാജ്യങ്ങളിൽനിന്ന് ഇരുനൂറിലേറെ മത, വിശ്വാസ ധാരകളിൽപെട്ട ആറായിരത്തിൽ അധികം ആളുകൾ പങ്കെടുത്തു.

ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു, ബുദ്ധ, ജൈന, യഹൂദ, സിഖ്‌, ബഹായി, സൊരാഷ്ട്രിയൻ, പേഗൻ തുടങ്ങിയ വിശ്വാസധാരകളിലെ പ്രമുഖരുടെ പ്രഭാഷണങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സംഗീത, നൃത്തപരിപാടികൾ ലോകമത സമ്മേളനത്തെ കൂടുതൽ മനോഹരമാക്കി.

ഐക്യരാഷ്ട സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഷിക്കാഗോ കത്തോലിക്കാ രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലൈസ് കപൂച്ചിൻ, യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായിരുന്ന നാൻസി പെലോസി, ഇലിനോയ് അറ്റോർണി ജനറൽ ക്വമേരൗൽ, ഷിക്കാഗോ മേയർ ബ്രാൻഡൺ ജോൺസൻ തുടങ്ങിവർ പ്രഭാഷകരായെത്തി.

ഇന്ത്യയിൽനിന്നുള്ള പ്രതിനിധികളിൽ ഐക്യരാഷ്ട്ര സംഘടനയിൽ എൻജിഒ പ്രതിനിധിയായ സിസ്റ്റർ സിന്ധ്യ മാത്യു സി.ജെ., ഫെയ്സ് ഓഫ് ഫെയ്‌സ്‌ലെസ്’ സിനിമയുടെ സംവിധായകനും മുംബൈ സെന്റ് സേവ്യേഴ്സ് കോളജ് അധ്യാപകനുമായ ഡോ. ഷെയ്സൺ പി. ഔസേഫ്, ദിലീപ് കുമാർ തങ്കപ്പൻ, ഫാ. സെബാസ്റ്റ്യൻ കൊള്ളിതാനം, ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. ഫാ. റോബി കണ്ണൻചിറ സിഎംഐ തുടങ്ങിയ മലയാളികളുമുണ്ടായിരുന്നു.