
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ യാത്ര സുഖകരമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരതില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്. വന്ദേഭാരത് ഓടിത്തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് തനിക്ക് ആദ്യമായി യാത്ര ചെയ്യാന്‍ സാധിച്ചതെന്നും മന്ത്രി കുറിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുന്‍ രാജ്യസഭാഗം ജോയ് പി അബ്രഹാം എംപി എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കായിരുന്നു മന്ത്രിയുടെ യാത്ര. അപ്രതീക്ഷിതമായി കേന്ദ്ര ധനമന്ത്രിയെ ട്രെയിനില്‍ കണ്ടതോടെ യാത്രക്കാരില്‍ പലരും അടുത്തു വന്നു സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. എല്ലാവരോടും മന്ത്രി വിശേഷങ്ങള്‍ തിരക്കുകയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു.
വന്ദേഭാരതിലെ യാത്ര സുഖകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു. വന്ദേഭാരതിനോടുള്ള ജനപ്രീതിയും ബുക്കിങും മന്ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തു. കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ആദായനികുതി ഓഫീസായ ആയകര്‍ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്തത്.