
പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സിപിഎം നേതാവിവനെതിരെ നടപടി. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മറ്റിയാണ് സജിമോന്റെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം റദ്ദു ചെയ്തത്.
2018ലാണു സംഭവം നടന്നത്. സംഭവത്തിനു പിന്നാലെ പാര്‍ട്ടി ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം പാര്‍ട്ടിയില്‍ വീണ്ടും തിരിച്ചെത്തി സജിമോന്‍ ചുമതലകളേറ്റു. ഇതോടെയാണ് ഇയാൾക്കെതിരായ നടപടികൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടികൾ കൈക്കൊണ്ടാൻ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് നിർദേശിക്കുകയായിരുന്നു.
വീട്ടമ്മ ഗര്‍ഭിണിയായതോടെ ഡിഎന്‍എ പരിശോധനയ്ക്കു മറ്റൊരാളെ വിട്ട് കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ സജിമോന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ സിപിഎം പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തിയ കേസിലും ഇയാള്‍ പ്രതിയായി. തിരുവല്ലയിലെ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റു കൂടിയാണ് സജിമോന്‍.