‘മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്’; നവകേരള സദസ്സിന്റെ വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസ്

തൃശൂര്‍: ‘മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ആര്യമ്പാട് സ്വദേശി റഫീഖിനെയാണ് പോലീസ് പിടികൂടിയത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ വേദിയിലായിരുന്നു സംഭവം.

തിങ്കളാഴ്ച വൈകിട്ട് മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സര്‍വകലാശാല മൈതാനത്താണ് നവകേരള സദസ്സ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് റഫീഖ് വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്തു കൂടി വേദിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ”മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്” എന്ന് ഉച്ചത്തില്‍ പറഞ്ഞാണ് ഇയാള്‍ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്.

ബാരിക്കേഡ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസെത്തി കീഴടക്കുകയായിരുന്നു. ഉടന്‍ തന്നെ റഫീഖിനെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. വടക്കാഞ്ചേരിയില്‍ താന്‍ നിര്‍മിച്ച വീടിന് നഗരസഭ അനുമതി നല്‍കുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നും ആവശ്യപ്പെടാനാണ് റഫീഖ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുന്‍പു പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്ന് ആരോപിച്ചാണ് വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറയുന്നു.

More Stories from this section

family-dental
witywide