
കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ. പത്ത് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീയാണ് വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്നും വിളിച്ച സ്ത്രീ. രാവിലെ പത്ത് മണിക്ക് കുട്ടിയെ കെെമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞതെന്നും സ്ത്രീ ഫോൺകോളിൽ പറയുന്നു.അതേസമയം, വിളിച്ചത് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലം പൂയപ്പള്ളി ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭിഗേല്‍ സാറ റെജിയെ ആണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ കഴിഞ്ഞു ജ്യേഷ്ഠനൊപ്പം മടങ്ങും വഴിയാണ് വെള്ള ഹോണ്ട അമേസ് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനെ തള്ളിമാറ്റി അഭികേലിനെ കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് ഒരു സ്ത്രീ വിളിച്ചിരുന്നു. കുട്ടി സുരക്ഷിതയാണെന്നു വിളിച്ച വ്യക്തി പറഞ്ഞു. കുട്ടിയെ കടത്തിയ വാഹനത്തിന്റെ നമ്പർ ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി.
കാറിന്റെ നമ്പർ വ്യാജമാണ്. ഇത് യഥാർഥത്തിൽ ഇരുചക്രവാഹനത്തിന്റേതാണ്. ഫോൺ കോൾ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കടയിലെ നമ്പറിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.