
കൊച്ചി: മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് 75 വര്‍ഷം പിന്നിട്ടുവെങ്കിലും, ‘ഗാന്ധി വധം ആവര്‍ത്തിക്കുന്ന ഇക്കാലത്ത് ഗാന്ധി ജയന്തി അചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന്’ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ രണ്ടിന് ഇക്കാലത്ത് രാജ്യത്ത് പ്രാധാന്യം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ദിനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ക്യാന്‍സര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാമ്രാജ്യത്വത്തിന്റെ നുകത്തില്‍ നിന്നും മോചനം നേടി സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയ്ക്ക് ആത്മാഭിമാനത്തോടെ, തലയുയര്‍ത്തി നടക്കാന്‍ നമുക്ക് സാധിക്കുന്നതിനു പിന്നില്‍ ഗാന്ധിജിയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന് നിസ്തുലമായ പങ്കുണ്ടെന്ന് മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റേയും പ്രവാചകനായ ഗാന്ധിജി വിഭാഗീയ രാഷ്ട്രീയത്തിനു മുന്നില്‍ അന്നും ഇന്നും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
ഒരു വെടിയൊച്ചയില്‍ നിശബ്ദമാക്കാന്‍ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകള്‍ എന്ന് വര്‍ഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ട്. അതിനാല്‍ ആ വാക്കുകള്‍ തന്നെ ചരിത്രത്തില്‍ നിന്നു മായ്ച്ചു കളയാനാണവര്‍ ശ്രമിക്കുന്നത്. രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതാണ്. അത്തരം ഉദ്യമങ്ങളെ ഒറ്റക്കെട്ടായി നമുക്ക് ചെറുക്കാം. ഗാന്ധിജിയുടെ ഓര്‍മ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കാം. മതനിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യങ്ങള്‍ തകരാതെ കാക്കാം. എന്നും മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
അതേസമയം മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പത്തിനാലാം ജന്മദിനമായ ഇന്ന് രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളര്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ‘ഇങ്ങനെയൊരാള്‍ രക്തവും മാംസവുമായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറകള്‍ വിശ്വസിക്കുമോയെന്ന് ഞാന്‍ സംശയിക്കുന്നു.’ ഗാന്ധി ഉയര്‍ത്തിയ ആശയത്തിന്റെ പ്രസക്തി ഇന്നും നിലകൊള്ളുമ്പോള്‍ മഹാത്മാ ഗാന്ധിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ ഈ വാക്കുകള്‍ വീണ്ടുമോര്‍മ്മിക്കപ്പെടുന്നു.