
മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതില്‍ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തീരുമാനം എടുക്കാനുള്ള ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ. ഓരോ പാര്‍ട്ടിയും സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ഇന്നു ചേര്‍ന്ന മുസ്ലിം ലീഗിന്റെ നേതൃയോഗം രാമക്ഷേത്ര വിഷയം ചര്‍ച്ച ചെയ്തു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്ലീം ലീഗ് രാഷ്ട്രീയ കാര്യ സമിതിയാണ് അടിയന്തര യോഗം ചേര്‍ന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലികുട്ടി, പിഎംഎ സലാം, എംകെ മുനീര്‍, അബ്ദു സമദാനി എന്നിവര്‍ പങ്കെടുത്തു. ദേശീയ നേതാക്കള്‍ ഓണ്‍ലൈനായും പങ്കെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാമക്ഷേത്ര ഉദ്ഘാടനമെന്നും ഇത് ആരാധനയല്ല, രാഷ്ട്രീയമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അത് മനസ്സിലാക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിശ്വാസത്തിനോ ആരാധനാ സ്വാതന്ത്ര്യത്തിനോ പാര്‍ട്ടി എതിരല്ല. കോടതി വിധി വന്നപ്പോള്‍ പാര്‍ട്ടി നിലപാട് പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.