ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തിൽ ജനുവരി 26 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി ബുധനാഴ്ച പറഞ്ഞു.
ക്വാഡ് രാജ്യങ്ങളിലെ നേതാക്കളെ റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി നേരത്തെ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യയ്ക്കും യുഎസിനും പുറമെ ഓസ്‌ട്രേലിയയും ജപ്പാനുമാണ് ക്വാഡിലെ മറ്റ് രണ്ട് അംഗങ്ങൾ.
2018 ലെ റിപ്പബ്ലിക് ദിന പരേഡിന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാൽ, ആഭ്യന്തര പ്രതിബദ്ധതകൾ കാരണം ട്രംപിന് ക്ഷണം നിരസിക്കേണ്ടി വന്നു.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായിരുന്നു ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി. 2015ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ബരാക് ഒബാമ മാറി.