ചന്ദ്രയാൻ വിജയം, ജി-20 ഉച്ചകോടി, രാജ്യത്തിന്‍റെ കുതിപ്പിനെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

ന്യൂഡൽഹി: ഏത് സാഹചര്യത്തിലും വിജയിക്കാൻ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന നവ ഇന്ത്യയുടെ ആത്മാവിന്‍റെ പ്രതീകമായി ചന്ദ്രയാൻ മിഷൻ മാറിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്ത് 104-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.

ഏത് സാഹചര്യത്തിലും വിജയിക്കാൻ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന നവ ഇന്ത്യയുടെ ആത്മാവിന്‍റെ പ്രതീകമായി ചന്ദ്രയാൻ മിഷൻ മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശക്തി ചേർക്കപ്പെടുന്നിടത്ത് ഏത് അസാധ്യമായതും സാധ്യമാകും. ഇന്ത്യയുടെ മിഷൻ ചന്ദ്രയാൻ സ്ത്രീശക്തിയുടെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ്. നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഈ മുഴുവൻ ദൗത്യത്തിലും നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പുത്രിമാർ ഇപ്പോൾ അനന്തമായി കണക്കാക്കുന്ന ബഹിരാകാശത്തെ പോലും വെല്ലുവിളിക്കുന്നു. ഒരു രാജ്യത്തിലെ  പെൺമക്കൾ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ ആ രാജ്യം വികസിക്കുന്നതിൽ നിന്ന് ആർക്കാണ് തടയാൻ കഴിയുക? പ്രധാനമന്ത്രി ചോദിച്ചു. 

സെപ്റ്റംബര്‍ മാസത്തില്‍ നടക്കാന്‍ പോകുന്ന G-20 ഉച്ചകോടിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.   അടുത്ത മാസം ഇന്ത്യ അനന്തമായ ചില സാധ്യതകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ജി-20 നേതാക്കളുടെ ഉച്ചകോടിക്കായി പൂർണ സജ്ജമാണ്. 40 രാജ്യങ്ങളുടെ തലവന്മാരും നിരവധി ആഗോള സംഘടനകളും ഈ പരിപാടിയിൽ പങ്കെടുക്കാൻ തലസ്ഥാനമായ ഡൽഹിയിലെത്തുന്നുണ്ട്. ജി-20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇത്. 

ഇന്ത്യ G-20യുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യ  ജി-20  യെ കൂടുതൽ ഉൾക്കൊള്ളുന്ന ഫോറമാക്കി മാറ്റി. ഇന്ത്യയുടെ ക്ഷണപ്രകാരം ആഫ്രിക്കൻ യൂണിയനും ജി-20 യിൽ ചേർന്നു. 

ഡൽഹിയിലെ വലിയ പരിപാടികളുടെ പാരമ്പര്യത്തിൽ നിന്ന് മാറി സര്‍ക്കാര്‍ അത് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് എത്തിച്ചു. ജി-20 പ്രതിനിധികൾ പോകുന്നിടത്തെല്ലാം ജനങ്ങള്‍ അവരെ സ്നേഹപൂർവ്വം സ്വീകരിച്ചു. നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യവും നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യവും  ഈ പ്രതിനിധികളില്‍ വളരെയധികം മതിപ്പുളവാക്കി. ഇന്ത്യയിൽ ഇത്രയധികം സാധ്യതകളുണ്ടെന്ന കാര്യവും അവര്‍ തിരിച്ചറിഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു. 

പരിപാടിയില്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് രക്ഷാബന്ധൻ ആശംസകൾ നേർന്നു.