ന്യൂഡൽഹി: അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യത്തിന്റെ നുറാം വാർഷികം (2047ൽ) ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഏറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നതെന്നും എന്നാൽ, ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസ്സുകളുടെ രാജ്യമാണെന്നും പറഞ്ഞു. ജി20 ഉച്ചകോടിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, മാർഗനിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പറഞ്ഞു. ‘‘നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള ‘റോഡ് മാപ്പ്’ ആയിട്ടാണ്, അല്ലാതെ ആശയങ്ങൾ മാത്രമായല്ല’’– അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ എന്നത് വെറും മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ സാംസ്കാരിക ധാർമികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയും നയതന്ത്രവും മാത്രമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.