മിത്ത് വിവാദത്തില്‍ എന്‍.എസ്.എസ് നാമജപയാത്രക്ക് എതിരെ കേസ്, മാപ്പ് പറയില്ലെന്ന് സിപിഎം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എം.ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപ യാത്രയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു. എന്‍.എസ്.എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ പാളയം ഗണപതി ക്ഷേത്ര പരിസരത്ത് നിന്ന് പഴവങ്ങാടി ഗവണപതി ക്ഷേത്രത്തിന് മുന്നിലേക്കായിരുന്നു നാമജപ യാത്ര. പതിനായിരത്തിലധികം ആളുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു

യാത്രക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയില്ല, അന്യായമായി സംഘം ചേര്‍ന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടക്കാര്‍ക്കും ഗതാഗതത്തിനും തടസ്സം ഉണ്ടാക്കി എന്നിങ്ങനെയാണ് പൊലീസിന്‍റെ എഫ്.ഐ.ആര്‍.

ഗണപതിയുടെ തുമ്പിക്കൈയെ പ്ളാസ്റ്റിക് സര്‍ജറിയായി കുട്ടികള്‍ പഠിക്കരുതെന്നും, അത് മിത്ത് മാത്രമാണെന്നും സ്പീക്കര്‍ എ.എം.ഷംസീര്‍ പറ‍ഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണം. വിസ്വാസികളുടെ വികാരത്തെ ഷംസീര്‍ മുറിപ്പെടുത്തിയെന്നും മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു. മിത്ത് പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപിയും രംഗത്തെത്തി. അതിനിടെയാണ് വിഷയത്തില്‍ കടുത്ത നിലപാടുമായി എന്‍.എസ്.എസും കളത്തിലിറങ്ങിയത്.

ഷംസീര്‍ പറഞ്ഞതില്‍ യാതൊരു പിഴവും ഇല്ലെന്നും മാപ്പുപറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാദം മുറുകുകയാണ്. സര്‍ക്കാരിനെയും സിപിഎമ്മിനെയും അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തില്‍ വാക്ക്പോരുകള്‍ തുടരുകയാണ്. അതിനിടെയാണ് മിത്ത് വിവാദത്തില്‍ നാമജപ യാത്രയുമായി എസ്.എന്‍.എസ് രംഗത്തുവന്നത്.

നേരത്തെ ശബരിമല വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ അതിന്‍രെ പ്രതിഷേധമായി നാമജപ യാത്രകള്‍ കേരളത്തിലുടനീളം എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ചിരുന്നു. സമാനമായ പ്രതിഷേധ സാഹചര്യങ്ങളിലേക്കാണ് മിത്ത് വിവാദവും എത്തുന്നത്. ഒരു വര്‍ഷത്തിനപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മിത്ത് വിവാദം കേരളത്തില്‍ ശക്തമായ രാഷ്ട്രീയ ആയുധം കൂടിയാവുകയാണ്.