
ന്യൂയോർക്ക്: യുഎസ് ആക്ടിവിസ്റ്റ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കമ്മ്യൂണിറ്റി പ്രവർത്തകനും പ്രഗത്ഭ കവിയുമായ റയാൻ കാഴ്‌സൺ ആണ് ബ്രൂക്ലിനിൽ പെൺസുഹൃത്തിന് മുന്നിൽ ക്രൂരമായി കുത്തേറ്റ് കൊല്ലപ്പെട്ടത്. പ്രതിയുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്യും വരെ പൊലീസിന് വിശ്രമമുണ്ടാകില്ലെന്ന് മേയർ എറിക് ആഡംസ് ഉറപ്പു നൽകി.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ക്ലോസ്-അപ്പ് ചിത്രമുള്ള “വാണ്ടഡ്” പോസ്റ്റർ അധികൃതർ പ്രചരിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇനിയും കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ ലോങ് ഐലൻഡിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് കാഴ്സണും കൂട്ടുകാരിയും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 32 കാരനായ കാഴ്സണും സുഹൃത്തും ബെഡ്‌ഫോർഡ്-സ്റ്റ്യൂവെസന്റിലെ ഒരു ബസ് സ്റ്റോപ്പ് ബെഞ്ചിൽ ഇരുന്നു സംഭാഷണത്തിൽ ഏർപ്പെടുന്നതായി വീഡിയോ കാണിക്കുന്നു.
നേരത്തെ അവരെ മറികടന്ന് നടന്ന ഇരുണ്ട നിറമുള്ള ഷർട്ട് ധരിച്ച ഒരാൾ ഒരു പ്രകോപനവുമില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറുകൾ ചവിട്ടാൻ തുടങ്ങുന്നു. ശേഷം നേരെ തിരിഞ്ഞ് വന്ന് റയാനെ കുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷംയുവാവ് കാഴ്‌സന്റെ പരിക്കേറ്റ ശരീരത്തിൽ ചവിട്ടുകയും, സുഹൃത്തിനെ തുപ്പാൻ ശ്രമിക്കുന്നതും കാണാം. ഉടൻ തന്നെ കാർസണെ കിങ്സ് കൗണ്ടി ഹോസ്പിറ്റൽ സെന്ററിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.















