വി.ഡി സതീശൻ ഒന്നാം പ്രതി; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ കേസ്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. വി ഡി സതീശന് പുറമേ ഷാഫി പറമ്പിൽ, എം വിൻസിൻ്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. അക്രമസംഭവങ്ങളുടെ പേരില്‍ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡിസിസി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിപക്ഷനേതാവായിരുന്നു മാർച്ച് നയിച്ചത്.

സംഭവത്തിൽ നേരത്തേ തന്നെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അവസാന നിമിഷം കേസിൽ മാറ്റം വരുത്തുകയായിരുന്നു. 30 പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരിച്ചടിക്കാൻ ഞങ്ങൾക്കുമറിയാം എന്ന പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide