‘മുഖ്യമന്ത്രിയാണ് താമസിക്കുന്നതെങ്കിൽ ഇത് അനുവദിക്കുമോ’: എസ്പിയെ കൊണ്ട് ബാനർ അഴിപ്പിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്ഐ ഉയർത്തിയ പ്രതിഷേധ ബാനർ നീക്കാൻ നേരിട്ടിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഗസ്റ്റ്ഹൗസിന്‍റെ മുമ്പിൽവെച്ച് മലപ്പുറം എസ്പിയോട് ക്ഷുഭിതനായ ഗവർണർ ബാനർ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി.

ഇന്ന് ഉച്ചയ്ക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദേശിച്ചിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. മുഖ്യമന്ത്രിക്കെതിരാണെങ്കിൽ ബാനറുകൾ നീക്കില്ലേയെന്ന് ഗവർണർ എസ്പിയോട് ചോദിച്ചു. എസ്എഫ്ഐ അല്ല സർവകലാശാല ഭരിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇതിനെത്തുടർന്ന്, എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു.

ഇതിനിടെ, ബാനറുകൾ നീക്കാൻ അനുവദിക്കില്ലെന്നും ഒരു ബാനർ നീക്കിയാൽ 100 ബാനറുകൾ ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വെല്ലുവിളിച്ചു. നാടകീയ സംഭവങ്ങൾക്കു പിന്നാലെ വൈസ് ചാൻസലർ എം.കെ.ജയരാജിനെ ഗവർണർ ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ സുരക്ഷ ശക്തമാക്കി.

‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ കാലിക്കറ്റ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നത്. കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.

More Stories from this section

family-dental
witywide