
തിരുവനന്തപുരം: ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്യു ശ്രമിച്ചെന്ന ആരോപണവുമായി പൊലീസ്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ മുളക് പൊടി പ്രയോഗം നടത്തിയെന്നാണ് ആരോപണം. മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചുവെന്നും ഭാരമുള്ള ഗോലികള്‍ പോലീസിനു നേരെ ഉപയോഗിക്കാന്‍ കെഎസ് യു പ്രവര്‍ത്തകര്‍ കരുതിയിരുന്നുവെന്നും പോലീസ് ആരോപിച്ചു.
ഇതിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. തങ്ങളെ അക്രമിക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് പൊലീസ് ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിനിടെ പൊലീസിന്റെ ഫൈബര്‍ ലാത്തിയും തകര്‍ന്നിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്യു വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണു. പിന്നാലെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ ഇടപെട്ട് ബലപ്രയോഗത്തിലൂടെ അവരെ പുറത്തിറക്കി. അതിനിടെ ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്യു പ്രവര്‍ത്തക ആന്‍ സെബാസ്റ്റ്യന് പരിക്കേറ്റു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുന്ന സാഹചര്യവുമുണ്ടായി.














