
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി റദ്ദാക്കി.
പൂഞ്ചില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികരെ കൊല്ലുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരരെ വേട്ടയാടാനുള്ള വന്‍ ഓപ്പറേഷന്‍ സുരക്ഷാ സേന തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താത്ക്കാലിത വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രദേശത്ത് വ്യോമ നിരീക്ഷണം വര്‍ധിച്ച സാഹചര്യത്തില്‍, സൈന്യം ഗ്രൗണ്ട് കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് പൂഞ്ച് ജില്ലയിലെ രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയില്‍.
വ്യാഴാഴ്ച വൈകുന്നേരം 3:45 ന് ധത്യാര്‍ മോറിന് സമീപമുള്ള ഒരു വളവില്‍ രണ്ട് സൈനിക വാഹനങ്ങള്‍ പതിയിരുന്ന് ആക്രമിച്ച ഭീകരരെ കണ്ടെത്തുന്നതിന് സ്‌നിഫര്‍ നായ്ക്കളെയും സേവനത്തിലേക്ക് അയച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഏറ്റെടുത്തു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകളുടെ ഉപയോഗം പ്രദര്‍ശിപ്പിച്ച് ആക്രമണം നടത്തിയ സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ ഭീകരര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. 1980-കളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസില്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ കാര്‍ബൈനാണ് എം4 കാര്‍ബൈന്‍. യുഎസ് സായുധ സേനയുടെ പ്രാഥമിക കാലാള്‍പ്പട ആയുധമാണിത്.
അപകടകരമായ വളവുകളും കുണ്ടുംകുഴിയും കാരണം ഈ സ്ഥലത്ത് സൈനിക വാഹനങ്ങള്‍ വേഗത കുറച്ചതിനാല്‍ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ധാത്യാര്‍ മോര്‍ എന്ന സ്ഥലമാണ് ആക്രമണത്തിനായി ഭീകരര്‍ തിരഞ്ഞെടുത്തതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ധേര കി ഗലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള ധത്യാര്‍ മോര്‍ എന്ന കുന്നിന്‍ മുകളിലാണ് ഭീകരര്‍ നിലയുറപ്പിച്ചതെന്നും അവിടെ നിന്നാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും വൃത്തങ്ങള്‍ അറിയിച്ചു.