കത്തോലിക്കാ വൈദികർക്ക് സ്വവർഗ പങ്കാളികളെ അനുഗ്രഹിക്കാം; വിവാഹം പാടില്ല: ഉത്തരവിറക്കി മാർപാപ്പാ

റോം: കത്തോലിക്കാ പുരോഹിതർക്ക് സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ അനുഗ്രഹിക്കാന്‍ അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ. ഇതിനായി വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വരുത്തി മാര്‍പ്പാപ്പ ഒപ്പുവച്ചു. എന്നാല്‍ വിവാഹം നടത്തികൊടുക്കാന്‍ കഴിയില്ലെന്ന് വത്തിക്കാൻ വിശദമാക്കിയിട്ടുണ്ട്. പുതിയ രേഖയില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത കൂദാശയാണെന്നാണ് സഭയുടെ ശാശ്വതമായ പ്രമാണം, അതിൽ മാറ്റമില്ല. ഒരു സിവില്‍ യൂണിയന്‍ എന്ന നിലയില്‍ സ്വവർഗ പങ്കാളികൾക്ക് ഒരുതരത്തിലും വിവാഹം എന്ന കൂദാശ സ്വീകരിക്കാൻ കഴിയില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്.

പുരോഹിതന്മാർ ഓരോ കേസിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നു വത്തിക്കാൻ പറയുന്നു. അനുഗ്രഹത്തിലൂടെ ദൈവസഹായം തേടുന്ന സാഹചര്യങ്ങളില്‍ ആളുകളുമായുള്ള സഭയുടെ അടുപ്പം തടയുകയോ നിരോധിക്കുകയോ ചെയ്യരുത്. അനുഗ്രഹം നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാട്‌ വിശാലവും സമ്പന്നവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു.

മുമ്പ്, പാപികളെ അനുഗ്രഹിക്കാന്‍ കഴിയാത്തതിനാല്‍ സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കില്ലെന്ന നിലപാടായിരുന്നു വത്തിക്കാന്‍ എടുത്തത്. പുതിയ തീരുമാനം വിപ്ലവകരമായ മാറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പാപികൾക്കും ദൈവത്തിൻ്റെ പക്കൽനിന്ന് അനുഗ്രഹം തേടുന്നതിന് അവകാശമുണ്ട് എന്ന് പുതിയ കല്പനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആശീർവാദം എന്ന ചടങ്ങ് എങ്ങനെ നടത്തണമെന്ന് കൃത്യമായ നിർദേശവും നൽകിയിട്ടുണ്ട്. സാധാരണ വിവാഹച്ചടങ്ങുകളിലേതുപോലെ പ്രത്യേക വസ്ത്രങ്ങളോ , ആ ചടങ്ങിലെ പ്രാർഥനകളോ, ഉടമ്പടി ഉറപ്പിക്കുന്ന വാക്കുകളോ, ആചാരങ്ങളോ ഉപയോഗിക്കാൻ പാടില്ല. മുമ്പ് ഇത്തരം ജീവിതം നയിച്ചിരുന്ന വ്യക്തികളെ സഭ ഒരിക്കലും അംഗീകരിച്ചിരുന്നില്ല, എന്നു മാത്രമല്ല അങ്ങേയറ്റം പാപപങ്കിലമായ ജീവിതം നയിക്കുന്നവർ എന്ന മുൻവിധിയോടെയായിരുന്നു പെരുമാറിയിരുന്നതും.

ഈ കഴിഞ്ഞ ഓഗസ്റ്റ് അവസാനം സഭാ നവീകരണം ലക്ഷ്യംവച്ച് മാർപാപ്പ വിളിച്ചുചേർത്ത പ്രത്യേക വത്തിക്കാൻ സിനഡിൻ്റെ നയരേഖ പുറത്തു വന്നപ്പോൾ ഇതു സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. മാറ്റങ്ങളുടെ വലിയ നിര തന്നെ സിനഡിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.

സഭാനേതൃത്വം ദൈവജനത്തോട് മോശമായി പെരുമാറുമ്പോൾ, അവർ പൗരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ്. ഒരു സൂപ്പർ മാർക്കറ്റിലെന്നപോലെ സഭാസേവനങ്ങൾക്കുള്ള വിലവിവരപ്പട്ടിക ചില ഇടവകളിൽ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്നും അന്ന് പാപ്പ പറഞ്ഞിരുന്നു.

”ഒന്നുകിൽ പാപികളും വിശുദ്ധരുമടങ്ങുന്ന ഒരു സമൂഹമാണ് സഭ, അല്ലെങ്കിൽ അത്, ചില സേവനങ്ങൾ നൽകുന്ന ഒരു ബിസിനസ് സ്ഥാപനമായി മാറുന്നു. സഭാശുശ്രൂഷകർ ഇതിൽ രണ്ടാമത്തെ പാത സ്വീകരിക്കുമ്പോൾ, സഭ രക്ഷയുടെ ഒരു സൂപ്പർ മാർക്കറ്റ് ആയി മാറുകയും, വൈദികർ ഒരു ബഹുരാഷ്ട്രകമ്പനിയുടെ ജോലിക്കാരായി മാറുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്നലെ പോപ്പ് ഫ്രാൻസിസിന്റെ 87ാം ജന്മദിനമായിരുന്നു. പാപ്പയായി സ്ഥാനമേറ്റതുമുതൽ വളരെ വിപ്ലവകരമായ തീരുമാനങ്ങളാണ് ഇദ്ദേഹം സ്വീകരിച്ചു വരുന്നത്. ഇതിൽ അസംതൃപ്തിയുള്ള വലിയ കൂട്ടം കത്തോലിക്കാ സഭയിൽ തന്നെയുണ്ട്.