കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാന്‍ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികരാൽ ലൈംഗികാതിക്രമത്തിന് ഇരയായവരെ നേരിൽ സന്ദർശിച്ചു. ലൈംഗികാതിക്രമ പരാതികളോട് കത്തോലിക്ക സഭ ദീർഘകാലമായി പുലർത്തിവരുന്ന അവഗണന, വിശ്വാസികൾക്ക് സഭയോട് അകൽച്ചയുണ്ടാക്കാനും സഭയെ അപകീർത്തിപ്പെടുത്താനും കാരണമായെന്ന് മാർപാപ്പ വിമർശിച്ചു.
നാല് വർഷത്തിന് ശേഷം നടക്കുന്ന യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ മാർപാപ്പ, തന്റെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ചയാണ് ലൈംഗികാതിക്രം നേരിട്ടവരുമായി കൂടിക്കാഴ്ച നടത്തിയത്.
മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി കത്തോലിക്കാ വൈദികരുടെ പീഡനാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ലിസ്ബണില്‍ പരസ്യബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. പോര്‍ച്ചുഗലിലെ കത്തോലിക്കാ സഭയിലെ വൈദികർ 4,815 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരസ്യബോർഡിൽ വിമർശിക്കുന്നത്. പോര്‍ച്ചുഗീസ് കമ്മീഷന്‍ ആറ് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 1950 മുതലുള്ള കണക്ക് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
അതിക്രമത്തിനിരയായ 13 പേരുമായി വത്തിക്കാൻ എംബസിയിൽ വച്ച് മാർപാപ്പ കൂടിക്കാഴ്ച നടത്തിയെന്നും ഇവർ പറയുന്നത് അതീവശ്രദ്ധയോടെ അദ്ദേഹം കേട്ടിരുന്നുവെന്നുമാണ് വത്തിക്കാനിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈൽഡ് പ്രൊട്ടക്ഷൻ പ്രോഗ്രാമുകളുടെ ചുമതലയുള്ള സഭയിലെ ജീവനക്കാരും ഇരകൾക്കൊപ്പമുണ്ടായിരുന്നു.
ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, മുൻപും തന്റെ വിദേശ യാത്രകളിൽ, മാർപാപ്പ വൈദികരാൽ ആക്രമിക്കപ്പെട്ടവരെ നേരിൽ സന്ദർശിച്ചിരുന്നു.
അതേസമയം, ജൂണില്‍ നടന്ന ശസ്ത്രക്രിയ്ക്ക് ശേഷമുള്ള മാർപാപ്പയുടെ പ്രഥമ വിദേശയാത്രയാണ് ഇപ്പോഴത്തെ പോർച്ചുഗൽ സന്ദർശനം. ലിസ്ബണിലെ ബെലെം കള്‍ച്ചറല്‍ സെന്ററില്‍ ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്യവെ ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.