‘പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക’; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

മലപ്പുറം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എംഎല്‍ പി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് വ്യാപക പോസ്റ്റര്‍ പ്രചരണം. ‘പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക’ എന്നാണ് പലയിടത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം ബസ് സ്റ്റാന്‍ഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

കേരള ബാങ്ക് ഭരണസമിതി അംഗമായി പി അബ്ദുള്‍ ഹമീദ് എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഈ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമാണ്. പി അബ്ദുല്‍ ഹമീദ്. ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്. നിലവില്‍ കേരള ബാങ്കില്‍ മലപ്പുറം ജില്ലയില്‍ നിന്നും പ്രതിനിധിയില്ല. അതുകൂടി കണക്കിലെടുത്താവും മുസ്ലിം ലീഗ് പ്രതിനിധിയെന്ന നിലയില്‍ തന്നെ ബോര്‍ഡ് ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്തതെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞിരുന്നു.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതെന്നും പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍
ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം സൂചിപ്പിച്ചത്. ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. സഹകരണ മേഖലയില്‍ ഒന്നിച്ചു പോകണമെന്നാണ് ലീഗ് നിലപാട്. ലീഗിന്റെ പ്രാതിനിധ്യം നേരത്തെയുള്ള സംവിധാനങ്ങളുടെ തുടര്‍ച്ചയാണെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide