കേരളത്തിലെ ജനങ്ങള്‍ക്ക് ഇരുട്ടടി, വൈദ്യുതി നിരക്ക് വീണ്ടും കുട്ടുന്നു

തിരുവനന്തപുരം: മഴ കുറഞ്ഞതിനാല്‍ ഓരോ ദിവസവും സംസ്ഥാനത്തിന് പത്ത് കോടി രൂപയുടെ അധിക വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നുണ്ട്. ഈ തുക ജനങ്ങളില്‍ നിന്ന് ഈടാക്കുകയേ നിവര്‍ത്തിയുള്ളു എന്നതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. അതിന്‍റെ ഭാഗമായാണ് വൈദ്യുതി നിരക്ക് കൂട്ടി നഷ്ടം നികത്താനുള്ള സര്‍ക്കാര്‍ നീക്കമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഓരോ ദിവസവും പത്ത് കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോകുന്നത് അടിയന്തിരമായി പരിഹരിക്കേണ്ട വിഷയമായാണ് മുഖ്യമന്ത്രി കാണുന്നത്. ഓഗസ്റ്റ് 16ന് ഈ വിഷയത്തില്‍ അടിയന്തിര യോഗം ചേരാനാണ് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഈ വിഷയത്തില്‍ യോഗം ചേര്‍ന്ന് വൈദ്യുതി ചാര്‍ജ് കൂട്ടാനുള്ള തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴക്കാലങ്ങളില്‍ വൈദ്യുതി പുറത്തുകൊടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു കെ.എസ്.ഇ.ബി ചെയ്തിരുന്നത്. കെ.എസ്.ഇ.ബിക്ക് നേട്ടമുണ്ടായിരുന്ന കാലത്ത് വൈദ്യുതി നിരക്ക് കുറക്കുന്ന തീരുമാനമൊന്നും സര്‍ക്കാരുിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വന്നപ്പോള്‍ നഷ്ടം ജനങ്ങള്‍ സഹിക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്.

പെട്രോളിയിന്‍റെയും ഡീസലിന്‍റെയും വില എണ്ണകമ്പനികള്‍ കൂട്ടുന്ന അതേ ന്യായം പറഞ്ഞാണ് ഇപ്പോള്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് സര്‍ക്കാര് നീങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില കുറയില്ല, പക്ഷെ കൂടുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില കൂടും. യഥാര്‍ത്ഥത്തില്‍ എല്ലാ ഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന കേന്ദ്രത്തിന്‍റെ അതേ നയമാണ് പിണറായി സര്‍ക്കാരും തുടരുന്നതെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷവും ഉയര്‍ത്തുന്നു.

സര്‍ക്കാരിന് അധിക ഭാരമായി വരുന്ന തുക ജനങ്ങളില്‍ നിന്ന് സര്‍ച്ചാര്‍ജായി ഈടാക്കാനാണ് നീക്കം. ഇപ്പോള്‍ തന്നെ യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജായി ഈടാക്കുന്നുണ്ട്. ഇതിലും കൂട്ടിയാല്‍ ജനങ്ങള്‍ക്കത് കനത്ത തിരിച്ചടിയാകും. ഏതായാലും പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന വോട്ടെടുപ്പിന് ശേഷമേ ഉണ്ടാകാന്‍ ഇടയുള്ളു എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

More Stories from this section

family-dental
witywide