ചിക്കാഗോയിൽ വെടിയേറ്റ മലയാളി യുവതിയുടെ നില അതീവ ഗുരുതരം

ചിക്കാഗോ: ഭർത്താവിൻ്റെ വെടിയേറ്റ് ഗുരുതരമായ പരുക്കുകളോടെ ചിക്കാഗോയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം ഉഴവൂര്‍ സ്വദേശി മീര (32) യുടെ നില അതീവ ഗുരുതരം.

സെൻ്റ് സാക്ക്റി പാരിഷിനു സമീപം കാറില്‍ വെച്ച് വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് അമല്‍ റെജിയാണ് മീരക്ക് നേരെ വെടിയുതിര്‍ത്തത്. നാല് മാസം ഗര്‍ഭിണിയാണ് മീര. ഗുരുതരമായ പരുക്കുകളോടെ ലൂഥറൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീരയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. എന്നാൽ നില അതീവ ഗുരുതരം തന്നെയെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. രണ്ടു തവണ വെടിയേറ്റു. വാരിയെല്ലിനും താടിക്കുമാണ് വെടിയേറ്റത്. തൊട്ടടുത്തുനിന്ന് വെടിയേറ്റതിനാൽ പരുക്ക് അതി ഗുരുതരമാണ്. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകളാണ് മീര. ഇരട്ട സഹോദരി മീനുവും ചിക്കാഗോയിൽ തന്നെയാണ് താമസിക്കുന്നത്.

വലിയ നടുക്കമാണ് ചിക്കാഗോ മലയാളികള്‍ക്കിടയില്‍ സംഭവം  ഉണ്ടാക്കിയിരിക്കുന്നത്.

സംഭവത്തില്‍ മീരയുടെ ഭര്‍ത്താവ് അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശിയായ അമൽ റെജി ഐടി പ്രഫഷണലാണ്.

മീരക്കും അമലിനും മൂന്ന് വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്. 2019ലായിരുന്നു ഇവരുടെ വിവാഹം.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. അന്വേഷണം തുടരുകയാണെന്നും ചിക്കാഗോ പൊലീസ് അറിയിച്ചു. പൊലീസിൻ്റെ ഔദ്യോഗിക റിപ്പോർട്ട് നാളെ പുറത്തുവരും.

pregnant Malayalee woman critical after being shot by husband in Chicago

More Stories from this section

family-dental
witywide