വൈറ്റ്ഹൌസിൽ ‘ഹാലോ- റീഡ്’ ആഘോഷം; മിഠായിയും പുസ്തകങ്ങളും സമ്മാനം

വൈറ്റ്ഹൌസിലെ ഇത്തവണത്തെ ഹാലോവീൻ ആഘോഷം കുറച്ച് വ്യത്യസ്തമായിരുന്നു. ട്രിക് ഓർ ട്രീറ്റ് എന്ന് ആർത്തു വിളിച്ച് വൈറ്റ് ഹൌസിൽ എത്തിയ കുട്ടികളെ കാത്തിരുന്നത് പുസ്തകങ്ങളും കഥകളും ചോക്ലേറ്റുകളും. പതിവു ഹാലോവീൻ അലങ്കാരങ്ങളിലെ സ്ഥിരം സാന്നിധ്യമായ മത്തങ്ങകളും പേടിപ്പിക്കുന്ന ഭൂതത്താൻ രൂപങ്ങളും വൈറ്റ് ഹൌസിന് ഒരു ഹാലോവീൻ ലുക്ക് നൽകിയിരുന്നു.

കറുത്തുരുണ്ട മൂക്കും കൂർത്ത ചെവിയും നീളൻ വാലുമുള്ള വില്ലോ എന്ന പൂച്ചയുടെ വേഷമിട്ടായിരുന്നു പ്രഥമവനിതയായ ജിൽ ബൈഡൻ കുട്ടികൾക്ക് മുന്നിൽ എത്തിയത്. ടെൻ സ്പൂകി പംകിൻ എന്ന പുസ്തകം കുട്ടികൾക്കായി വായിച്ചു കൊടുത്തു അവർ. നിറയെ പുസ്തകങ്ങൾ കൊണ്ട് വേദി അലങ്കരിച്ചിരുന്നു.

കുട്ടികൾക്കായുള്ള കഥാനേരമായിരുന്നു പിന്നീട്. വൈറ്റ് ഹൌസിലെ പ്രെസ് സെക്രട്ടറി കാരി ജീൻപെറി വളരെ വ്യത്യസ്തമായി ഒരു മാലാഖയുടെ വേഷമിട്ടാണ് കഥപറയാൻ എത്തിയത്. എഴുത്തുകാരി കൂടിയാണ് ജീൻപെറി. വൈറ്റ്ഹൌസിലെ വിദ്യാഭ്യാസ സെക്രട്ടറി മിഗ്വൽ കാർഡോണയും കുട്ടികൾക്കായി കഥകൾ പറഞ്ഞു. നിറയെ പുസ്തകങ്ങളാണ് ഇത്തവണ കുട്ടികളെ കാത്തിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ആഘോഷത്തിന് ഹാലോ റീഡ് എന്നാണ് പേരിട്ടത്. തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും സൈനികരുടെ കുട്ടികളുമാണ് വൈറ്റ്ഹൌസിൽ ഹാലോവീൻ ആഘോഷിക്കാൻ എത്തിയത്. ഏതാണ്ട് 7000 ക്ഷണിക്കപ്പെട്ട അതിഥികൾ വൈറ്റ് ഹൌസിൽ എത്തി. കുട്ടികൾക്കെല്ലാം പ്രസിഡൻ്റ് ബൈഡൻ തന്നെ സമ്മാനങ്ങൾ നൽകി.

ഇംഗ്ലണ്ടിൽനിന്ന് വന്നതാണ് അമേരിക്കയിലെ ഹലോവീൻ ആഘോഷം. അയർലൻ്റിലെ സെൽറ്റിക് വംശജരാണ് ഇതിൻ്റെ ഉപജ്ഞാതാക്കൾ. എല്ലാവർഷവും ഒക്ടോബർ 31 നാണ് ഇത് ആഘോഷിക്കുക. മരിച്ചവരെല്ലാം ആത്മാക്കളായി അന്ന് തിരികെ വരുമെന്നാണ് വിശ്വാസം. എല്ലാ വീടുകളിലും ഭയാനകമായ രൂപങ്ങൾ വച്ച് അലങ്കാരങ്ങളൊക്കെ നടത്തും.

കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി ട്രിക് ഓർ ട്രീറ്റ് എന്ന് ചോദിക്കും. ട്രീറ്റെന്നാണ് വീട്ടുകാർ മറുപടി നൽകുന്നതെങ്കിൽ കുട്ടികൾക്ക് മധുരം സമ്മാനമായി നൽകണം. ക്രിസ്തീയ വിശ്വാസ പ്രകാരം ഹാലോവീൻ ദിനത്തിൻ്റെ പിറ്റേന്ന് സകല മരിച്ചവരുടേയും ഓർമദിനമാണ്. അന്ന് പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടക്കും.

President Biden and First Lady host ‘Hallo-READ’ Halloween event at White House

More Stories from this section

family-dental
witywide