രാഷ്ട്രപതിക്ക് സൂപ്പർ പവർ; വധശിക്ഷയിൽ രാഷ്ട്രപതി ദയാഹർജി തള്ളിയാൽ അന്തിമം, ജുഡീഷ്യൽ റിവ്യൂ തടയാൻ നിയമം വരുന്നു

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാഹർജികളിൽ രാഷ്ട്രപതി എടുത്ത തീരുമാനങ്ങളുടെ ജുഡീഷ്യൽ പുനരവലോകനം തടയുന്നതിനുള്ള നിയമം ഒരുങ്ങുന്നു. സിആർപിസിക്ക് പകരം പുതുതായി കൊണ്ടുവരുന്ന ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ബിൽ (ബിഎൻഎസ്എസ്) 2023 ലാണ് രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെയുള്ള ജുഡീഷ്യൽ റിവ്യൂകൾ തടയാന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്. ബിഎൻഎസ്എസിലെ 473-ാം വകുപ്പ് പ്രകാരമാണ് ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനങ്ങൾക്ക് എതിരായ അപ്പീലുകളെ തടയുന്നത്.

ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വധശിക്ഷക്ക് വിധിക്കുന്ന പ്രതികൾക്ക് ഇനി അധികനാൾ അപ്പീലുമായി നീട്ടികൊണ്ട് പോകാൻ ആകില്ല. വധശിക്ഷകൾ പെട്ടെന്ന് നടത്താനും രാഷ്ട്രപതിയുടെ തീരുമാനം 48 മണിക്കൂറിനുള്ളിൽ അപ്പീലുകൾ ഇല്ലാതെ നടപ്പാക്കുന്നതും കർശനമായി ഉറപ്പാക്കുകയാണ്‌ പുതിയ നിയമം. പുതിയ ക്രിമിനൽ നിയമം അനുസരിച്ച് രാഷ്ട്രപതിയുടെ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവിനെതിരെയുള്ള അപ്പീലുകൾ കോടതികൾക്ക് പരിഗണിക്കാനുള്ള അധികാരമില്ല.

“ഭരണഘടനയുടെ അനുച്ഛേദം 72 പ്രകാരമുള്ള രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ ഒരു കോടതിയിലും അപ്പീൽ ഉണ്ടാകില്ല. തീരുമാനം അന്തിമമായിരിക്കും. കൂടാതെ രാഷ്ട്രപതിയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ഒരു കോടതിയും അന്വേഷിക്കില്ല” 473-ാം വകുപ്പ് പ്രസ്താവിക്കുന്നു.

യാക്കൂബ് മേമൻ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ദയാഹർജി രാഷ്‌ട്രപതി തള്ളിയാലും തൂക്കുകയറിലേക്ക് കയറും മുൻപുള്ള ഒരു അവസാന പ്രതീക്ഷ എന്ന നിലയ്ക്കായിരുന്നു ജുഡീഷ്യൽ റിവ്യൂകൾ സമര്‍പ്പിക്കപ്പെട്ടിരുന്നത്.

1991-ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ 2015ൽ നടപ്പാക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് സുപ്രീംകോടതി രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരായി വാദം കേട്ടത്. നിർഭയ കേസിൽ 2020ലും സമാനമായ വാദം കേട്ടിരുന്നു. ഇരുകേസുകളിലും വധശിക്ഷ നടപ്പായെങ്കിലും പ്രതികൾക്ക് ‘ന്യായമായ’ അവസരം എന്ന നിലയ്ക്കാണ് ഇത്തരം ശിക്ഷ രീതികളെ എതിർക്കുന്നവർ ജുഡീഷ്യൽ റിവ്യൂവിനെ വിലയിരുത്തിയിരുന്നത്. അതേസമയം ഇതിനെ ജുഡീഷ്യൽ ആക്ടിവിസം എന്ന നിലയ്ക്ക് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഗവർണർക്കും (ആർട്ടിക്കിൾ 161), രാഷ്ട്രപതിക്കും (ആർട്ടിക്കിൾ 72) ദയാഹർജി സമർപ്പിക്കാനുള്ള സമയപരിധി വ്യക്തമാക്കുന്നതിനു പുറമേ കേന്ദ്ര സർക്കാരിനും പരിധി നിശ്ചയിക്കുന്നു. ബിഎൻഎസ്എസ് ബില്ലിലെ സെക്ഷൻ 473 അനുസരിച്ച് സംസ്ഥാന സർക്കാർ തീരുമാനം വന്ന് 60 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രപതിയെ അറിയിക്കണം.

എന്നാൽ ദയാഹർജികൾ തീർപ്പാക്കുന്നതിന് രാഷ്ട്രപതിക്ക് സമയപരിധിയില്ല. രാഷ്ട്രപതിയുടെ ദയാഹർജിയിൽ തീരുമാനം 48 മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാർ സംസ്ഥാന ആഭ്യന്തര വകുപ്പിനും ജയിൽ സൂപ്രണ്ടന്റിനും കൈമാറണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

More Stories from this section

dental-431-x-127
witywide