മോസ്കോ :വ്ളാഡിമിര്‍ പുട്ടിനെതിരെ അട്ടിമറിക്കു ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് മേധാവി യവ്ഗിനി പ്രിഗോഷിന്‍ ( 62) കൊല്ലപ്പെട്ടെന്നു വിവരം. കഴിഞ്ഞ രാത്രി പത്തോടെ മോസ്കോയ്ക്ക് വടക്ക് തിവീര്‍ പ്രവിശ്യയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിലാണ് പ്രിഗോഷിന്റെ മരണം. മോസ്കോ യില്‍നിന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് പോവുകയായിരുന്ന 10 പേരടങ്ങിയ സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. വിമാനം റഷ്യന്‍ വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്നര്‍ ഗ്രൂപ് ആരോപിക്കുന്നു. അന്തരീക്ഷത്തില്‍ വച്ച് തീപിടിച്ച വിമാനം തകര്‍ന്നു വീണെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
പ്രിഗോഷിന്റെ മരണം തന്നെ ഒട്ടും അല്‍ഭുതപ്പെടുത്തിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ പ്രിഗോഷിന്റെ മരണം ഒട്ടും സര്‍പ്രസിങ് അല്ല. പുട്ടിനെപോലെ ഒരു ഭരണാധികാരി അറിയാതെ റഷ്യയില്‍ ഒന്നും സംഭവിക്കില്ല’ – ബൈഡന്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വാളാഡിമര്‍ പുട്ടിന്റെ വിശ്വസ്തനായിരുന്നു കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിന്‍. എന്നാല്‍ യുക്രെയിന്‍ – റഷ്യ യുദ്ധത്തിനിടെ സേനാ നേതൃത്വത്തിനെതിരെ നടത്തിയ വിമതകലാപത്തോടെ അനഭിമതനായിതീര്‍ന്നിരുന്നു.