
ന്യൂഡൽഹി: കനേഡിയൻ പൌരൻ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനകൾ കേസ് അന്വേഷണം നശിപ്പിച്ചതായി ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്രൂഡോ അതിന്റെ തെളിവുകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനേഡിയൻ മാധ്യമമായ ഗ്ലോബൽ ആൻഡ് മെയ്‌ലിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് കുമാറിന്റെ പ്രതികരണം.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ കാനഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യമായ വിവരങ്ങളൊന്നും കാനഡ നൽകിയിട്ടില്ല. മറ്റ് എവിടെ നിന്നോ ഉള്ള നിർദേശം അനുസരിച്ചാണ് കൊലപാതകത്തിൽ പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് ട്രൂഡോ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
നയതന്ത്രജ്ഞർ തമ്മിലുള്ള സംഭാഷണങ്ങൾ ഒരിക്കലും തെളിവായി ഉപയോഗിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അവയ്ക്ക് സംരക്ഷണമുണ്ട്. അവ ചോർത്തുന്നത് നിയമവിരുദ്ധമാണ്. സംഭാഷണങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സഞ്ജയ് കുമാർ ആവശ്യപ്പെട്ടു.
നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ട്രൂഡോ നടത്തിയ പരാമർശങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. അതിനുള്ള തെളിവുകൾ ലഭിച്ചതായും ട്രൂഡോ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ ഇന്ത്യ തള്ളിയിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം 41 നയതന്ത്രജ്ഞരെ കാനഡ ഇന്ത്യയിൽനിന്ന് പിൻവലിച്ചിരുന്നു. ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു കോൺസുലേറ്റുകളിലെ വിസ, കോൺസുലർ സേവനങ്ങളും കാനഡ നിർത്തിവച്ചിരുന്നു.
probe into the killing of Nijjar had been “damaged” by PM Trudeau’s public statements says Indian high commissioner















