
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനു മുന്നോടിയായി പെയ്യുന്ന ശക്തമായ മഴയില്‍ ചെന്നൈ നഗരത്തില്‍ വന്‍ നാശനഷ്ടം. നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിലാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് വിവിധ റോഡുകള്‍ അടച്ച നിലയിലാണ്. നിവരധി മരങ്ങള്‍ കടപുഴകി വൈദ്യുതിയും യാത്രാമാര്‍ഗ്ഗവും തടസം നേരിടുന്നു.
തിരുമംഗലത്ത് വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് വാഹന ഗതാഗതം എസ്റ്റേറ്റ് റോഡില്‍ നിന്ന് പാര്‍ക്ക് റോഡിലേക്ക് തിരിച്ചുവിട്ടു.
കുടിവെള്ളത്തില്‍ മലിന ജലം കലരാനുള്ള സാഹചര്യവും വെള്ളക്കെട്ടുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. വെള്ളത്തിലെ സൂക്ഷ്മാണുക്കള്‍ വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒരു മിനിറ്റ് നന്നായി തിളപ്പിച്ച് ആറിച്ച് മാത്രം വെള്ളം ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
ഇന്നലെ രാത്രി തുടങ്ങിയ മഴ പുലര്‍ച്ചെയും ശക്തിയായി തന്നെ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അനാവശ്യമായി വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം. പുതുച്ചേരി തീരദേശ മേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.