ലോക്‌സഭയിലെ പ്രതിഷേധം: യുവതി ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. ഒരു യുവതി ഉള്‍പ്പടെ നാലു പേരെയാണ് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചോദ്യംചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ഒരു സംഘടനയുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കസ്റ്റഡിയിലായ യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ലോക്സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടുകയായിരുന്നു. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു ആ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത്. ലോക്സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം നടത്തിയത്.

നീലം, അമോല്‍ ഷിന്‍ഡെ എന്നിവരാണ് പാര്‍ലമെന്റിനകത്ത് നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പിടിയിലായത്. പാര്‍ലമെന്റിന് പുറത്ത് നിന്നും പിടിയിലായവര്‍ ഹരിയാന, മഹാരാഷ്ട്ര സ്വദേശികളാണ്. തൊഴിലില്ലായ്മ, മണിപ്പൂര്‍ വിഷയങ്ങളിലാണ് പ്രതിഷേധമുണ്ടായത്. മൈസൂര്‍-കൊടക് എംപി പ്രതാപ് സിന്‍ഹയുടെ ഒപ്പുള്ള പാസുമായാണ് ഇവര്‍ പാര്‍ലമെന്റിനകത്ത് കടന്നത്. ബിജെപി എംപിയുടെ പാസ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ട്.

അതേസമയം അപ്രതീക്ഷിത പ്രതിഷേധ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായതെങ്ങനെയെന്നും പ്രതിഷേധക്കാര്‍ സ്‌പ്രേയുമായി അകത്ത് കടന്നതങ്ങനെയെന്നും ശരീര പരിശോധനയില്‍ വീഴ്ച പറ്റിയോ, ഷൂ ഉള്‍പ്പെടെ പരിശോധിച്ചില്ലേ, എംപിയുടെ പാസ് കിട്ടിയത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. വിശദമായ അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുമാണ് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide