പുലി, പൂരം:മ്മടെ തൃശ്ശൂര് പുപ്പുലിയാണ്

തൃശൂര്‍: പുലിക്കളിയുടെ ആവേശത്തില്‍ വീണ്ടും തൃശൂര്‍. ഓണത്തിന്റെ നാലാം നാള്‍ പതിവുപോലെ തൃശൂരില്‍ പുലികള്‍ ഇറങ്ങി. അഞ്ച് ദേശങ്ങളില്‍നിന്നായി 250 പുലികള്‍.. കടുവാപ്പുലി, പുള്ളിപ്പുലി, വരയന്‍ പുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി… വൈവിധ്യംതീര്‍ത്ത് പുലികള്‍ പാഞ്ഞിറങ്ങി. മേളത്തിന് ഒപ്പം മനോഹരമായ ചുവടു വച്ച് തൃശൂരിനെ എന്നല്ല മുഴുവന്‍ മലയാളികളേയും ത്രസിപ്പിച്ചു. തൃശൂര്‍ നഗരം ജനസാഗരമായി മാറി.

കൊവിഡ് മഹാമാരി തീര്‍ത്ത വിലക്കുകള്‍ കാരണം രണ്ടു മൂന്നു വര്‍ഷങ്ങളിലായി ഓണത്തിന് പൊലിമ കുറവായിരുന്നു. അതിന്റെ പകരം വീട്ടി ഇത്തവണ. പെണ്‍പുലികളും കുഞ്ഞുപുലികളും അടക്കം പുലിക്കൂട്ടം നിറഞ്ഞാടിയ സായന്തനത്തില്‍ കണ്ണും മനസ്സും നിറഞ്ഞ് പുരുഷാരം സന്തോഷത്താല്‍ നിറഞ്ഞു.