തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിനെ നാലാംകിട നേതാവ് എന്ന് വിളിച്ചെന്ന ആരോപണത്തിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസക്ക് നടത്തിയ പ്രതികരണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെയ്ക്കിനെ നാലാംകിട നേതാവെന്ന് താൻ വിളിച്ചത് എവിടെ വച്ചാണെന്നും എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും സതീശൻ ചോദിച്ചു. ഈ ആരോപണം തോമസ് ഐസക്ക് തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് സതീശന്റെ ചോദ്യം.
കാള പെറ്റെന്നു കേൾക്കും മുൻപ് കയറെടുക്കുന്ന സിപിഎം നേതാക്കളുടെ ഗണത്തിൽ ഐസക്കിനെ കൂട്ടിയിരുന്നില്ലെന്നും എന്നാൽ ഇന്നത്തെ പോസ്റ്റ് അക്കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടാക്കുന്നതാണെന്നും സതീശൻ പറഞ്ഞു.
‘‘രാഷ്ട്രീയ മത്സരങ്ങളിൽ എതിരാളികൾ ബഹുമാനം അർഹിക്കുന്നവരാണ്. അതാണ് കോൺഗ്രസിന്റെ സമീപനവും പാരമ്പര്യവും. തിരെഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏതു വിഷയവും ഞങ്ങൾ ഉന്നയിക്കും. ഒന്നൊഴികെ, വ്യക്തിഹത്യ. സിപിഎമ്മിന് എന്നും ശീലമുളളത് വ്യക്തിഹത്യയാണ്. ഉമ്മൻ ചാണ്ടി അടക്കം നിരവധി ഉദാഹരണങ്ങൾ ഉണ്ടെങ്കിലും ഞാൻ എണ്ണിപ്പറയുന്നില്ല. ഞാൻ പറഞ്ഞത് എന്താണ്? ബഹുമാന്യനായ തോമസ് ഐസക് കേട്ടത് എന്താണ്? ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുന്ന സ്വഭാവം അങ്ങേയ്ക്ക് ഇല്ലാത്തതാണ്, ഇപ്പോൾ എന്തേ ഇങ്ങനെ? ഇനിയെങ്കിലും പ്രതികരിക്കുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കണമെന്ന് ആദരവോടെ അഭ്യർഥിക്കുന്നു,’’ സതീശൻ കുറിച്ചു.
വി.ഡി സതീശന്റെ കുറിപ്പ്:
ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് അങ്ങയുടെ ഒടുവിലത്തെ ആരോപണം. ചിരിക്കാതെ എന്ത് ചെയ്യും? അങ്ങയുടെ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് ഞാന്‍ ചെയ്തത്. ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകുമെന്ന അങ്ങയുടെ പരാമര്‍ശം കണ്ടു. ഇക്കാര്യം താങ്കളുടെ പാര്‍ട്ടിയുടെ പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനോടാണ് പറയേണ്ടതെന്ന് വിനയപുരസരം പറഞ്ഞുകൊള്ളട്ടെ.
ഒരു പഴയ കാര്യം കൂടി ഓര്‍മ്മിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയയ്ക്കാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. സതീശനാണെങ്കില്‍ എന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ അയയ്ക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. (ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്തു നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.)
അങ്ങ് അവസാനം പറഞ്ഞ കാര്യത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.’ജനാധിപത്യത്തില്‍ ജനമാണ് യജമാനര്‍. അവര്‍ എല്ലാം കാണുന്നുണ്ട്’. ശരിയാണ് അവര്‍ എല്ലാം കാണുന്നുണ്ട്. അവര്‍ എല്ലാം കാണുന്നതു കൊണ്ടാണ് തൃക്കാരയില്‍ പ്രതികരിച്ചത്, തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ചത്, മട്ടന്നൂര്‍ നഗരസഭയില്‍ തോല്‍വിയോളം പോന്ന ജയം അങ്ങയുടെ പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിയും വന്നത്.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ആരായാലും, പറഞ്ഞത് എന്താണെന്ന് പൂര്‍ണമായും കേള്‍ക്കുകയും മനസിലാകുകയും ചെയ്ത ശേഷം ഇനിയുള്ള അവസരങ്ങളില്‍ അങ്ങ് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയുടെ ശൈലിക്ക് യോജിക്കുന്നതും അതാണ്. താങ്കളുടെ സമീപനത്തെ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സഹപ്രവര്‍ത്തകന്റെ നിര്‍ദ്ദേശമായി മാത്രം കരുതുക.