പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫുകള്‍, പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത് മൂന്ന് കോടി; വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ

മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ ടീമിനെ നിയമിക്കുന്നത് ധൂര്‍ത്താണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിനുമുമ്പ് സ്വന്തം ചിലവുകള്‍ പരിശോധിക്കണമെന്ന് പിവി അന്‍വര്‍ പറഞ്ഞു. ഓരോ വര്‍ഷവും പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത് മൂന്നു കോടിയോളം രൂപയാണെന്ന് പിവി അന്‍വര്‍ ചൂണ്ടിക്കാട്ടി.

വിഡി സതീശന് പത്തു സെക്രട്ടറിമാരും പ്രൈവറ്റ് സെക്രട്ടറിക്കു പുറമേ ഒരു സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുമടക്കം ഇരുപത്തിയഞ്ചോളം സ്റ്റാഫുകളുമുണ്ട്. ഇത്രയും പേര്‍ക്ക് ശമ്പളം നല്‍കുന്ന വകയില്‍ ഒരു വര്‍ഷം കൈപ്പറ്റുന്നത് 2,20,42,368 രൂപയാണ്. സ്വീപ്പര്‍, ലാസ്‌കര്‍ തസ്തികകളില്‍ മാസം 95,519 രൂപയും നല്‍കുന്നു. ഇതിനു പുറമേ ശമ്പളവും ഡിഎയും കണ്‍വേയന്‍സ് അലവന്‍സും ട്രാവലിംഗ് അലവന്‍സും മണ്ഡലം അലവന്‍സുമെല്ലാം വേറെയും കൈപ്പറ്റുന്നു.

ഭരണഘടനാ പരമായ ഉത്തരവാദിത്തം പോലും നിര്‍വഹിയ്ക്കാത്ത പ്രതിപക്ഷനേതാവ് പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മൂന്നു കോടിയോളം രൂപ കൈപ്പറ്റുന്നതാണ് ധൂര്‍ത്തെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിനുമുമ്പ് ഇതൊന്നു പരിശോധിയ്ക്കണമെന്നും എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു. 2022 ജൂലൈ ആറിന് പി വി അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫുകളുടെ വിശദാംശങ്ങളുള്ളത്.

More Stories from this section

family-dental
witywide